മുംബൈ: കൊമേഡിയനും നടനും രാഷ്ട്രീയനേതാവുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ജിമ്മില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ നാല്‍പ്പത് ദിവസങ്ങളായി എയിംസില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യനിലയില്‍ ഇടയ്ക്കിടെ നേരിയ പുരോഗതി കാണിച്ചിരുന്നു. ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടു കൂടിയായിരുന്നു അന്ത്യം.
1988 ല്‍ പുറത്തിറങ്ങിയ തെസാബ് എന്ന ചിത്രത്തിലൂടെയായിരുന്നു രാജു ശ്രീവാസ്ത അരങ്ങേറ്റം കുറിച്ചത്. മേം നേ പ്യാര്‍ കിയ, ബാസിഗര്‍, മേം പ്രേം കി ദിവാനി ഹൂം, അഭയ്, ബിഗ്ബ്രദര്‍, ബോംബെ ടു ഗോവ ടോയ്‌ലറ്റ് ഏക് പ്രേം കഥ, ഫിരംഗി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒട്ടനവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും മത്സരാര്‍ഥിയായും പങ്കെടുത്തിട്ടുണ്ട്. ടെലിവിഷന്‍ സീരീസുകളിലു വേഷമിട്ടിട്ടുണ്ട്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് 2010 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ തമാശപറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പാകിസ്താനില്‍ നിന്ന് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.
2014 ല്‍ കാണ്‍പൂര്‍ മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് അതേ വര്‍ഷം തന്നെ ബിജെപിയില്‍ ചേര്‍ന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ കാമ്പയിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീവാസ്തവയെ നാമനിര്‍ദ്ദേശം ചെയ്യുകയും അദ്ദേഹം അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. കാമ്പയിന്റെ പരസ്യങ്ങളിലും ശ്രീവാസ്തവ അഭിനയിച്ചു.
ശിഖയാണ് ഭാര്യ. അന്താര, ആയുഷ്മാന്‍ എന്നിവര്‍ മക്കളാണ്.