InternationalNews

നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ചൈനയില്‍ പ്രതിദിനം 6.3 ലക്ഷം കൊവിഡ് കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് പഠനം

ബെയ്ജിങ് : സീറോ-കോവിഡ് പദ്ധതി ഒഴിവാക്കിയാല്‍ പ്രതിദിനം 6.3 ലക്ഷം കോവിഡ് കേസുകള്‍ വരെ ചൈനയിലുണ്ടായേക്കാമെന്ന് പഠനം. പീക്കിങ് യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് പ്രകാരം, ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കടുത്ത നിയന്ത്രണങ്ങള്‍ ചൈന ഒഴിവാക്കുകയാണെങ്കില്‍ പ്രതിദിനം 630000 കോവിഡ് കേസുകള്‍ ഉണ്ടായേക്കും.

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, കാര്യക്ഷമമായ വാക്‌സിനേഷനോ പ്രത്യേക ചികിത്സകളോ ഇല്ലാതെ എന്‍ട്രി-എക്‌സിറ്റ് ക്വാറന്റീന്‍ നടപടികള്‍ മാറ്റാന്‍ ചൈനയ്ക്ക് കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ചൈനയില്‍ 21 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ഉണ്ട്.

ശനിയാഴ്ച 23 കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 785 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കുമെന്ന് മുതിര്‍ന്ന ചൈനീസ് ശ്വസന വിദഗ്ധന്‍ സോങ് നാന്‍ഷാന്‍ ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തെ ജനസംഖ്യയുടെ 76.8 ശതമാനവും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നും വര്‍ഷാവസാനത്തോടെ 80 ശതമാനം വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button