കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെയ്പ്പ്;മിഗ്വേല്‍ യുറിബെയ്ക്ക്‌ വെടിയേറ്റത് ടെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ

ബൊഗോത്ത: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. രാജ്യത്ത് അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് നേതാവും സെനറ്ററുമായ മിഗ്വേല്‍ യുറിബെ ടുര്‍ബേക്കുനേരേ (39)യാണ് വധശ്രമം നടന്നത്. ദേഹത്ത് രണ്ടു വെടിയുണ്ടയേറ്റ യുറിബെയെ സാന്ത ഫെ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണംചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ തലസ്ഥാനമായ ബൊഗോത്തയിലെ ഫോന്റിബൊനിലുള്ള പാര്‍ക്കില്‍ വെച്ച് ശനിയാഴ്ചയാണ് അദ്ദേഹത്തിന് വെടിയേറ്റത്.വെടിവെപ്പുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ തോക്ക് കൈവശമുണ്ടായിരുന്ന 15-കാരനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റുചെയ്തു. ആക്രമണത്തെക്കുറിച്ച് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണമാരംഭിച്ചു.

2026 മേയ് 31-നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മാര്‍ച്ചിലാണ് യുറിബെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. യുറിബെയുടെ അമ്മയും പത്രപ്രവര്‍ത്തകയുമായ ഡയാന ടുര്‍ബേ 1991 ജനുവരി 25-ന് വെടിയേറ്റുമരിക്കുകയായിരുന്നു. നാല്പതാം വയസ്സിലായിരുന്നു അന്ത്യം. കൊളംബിയന്‍ ലഹരിമാഫിയ തലവന്‍ പാബ്ലോ എസ്‌കോബാറിന്റെ സംഘം അഞ്ചുമാസത്തിലേറെ ബന്ദിയാക്കിവെച്ച അവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റത്. കൊളംബിയയുടെ 25-ാം പ്രസിഡന്റ് ഹുലിയോ സെസര്‍ ടുര്‍ബേ അയാലയുടെ മകളായിരുന്നു ഡയാന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News