മൂവാറ്റുപുഴ∙ കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ ആൻസൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറി കോളജ് വിദ്യാർഥിനി ആർ.നമിത മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ ആൻസൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പൊലീസ് ആൻസനെ പകൽ അപകട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല. സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
അപകടത്തിൽ പരുക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർഥിനി അനുശ്രീ രാജും ആശുപത്രി വിട്ടു.
നമിത മരിച്ച സംഭവത്തിലെ പ്രതി ആൻസൺ റോയിക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിയുടെ ബൈക്ക് മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കിൽ സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും ക്രാഷ്ഗാർഡും നീക്കംചെയ്ത നിലയിലുമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
വിവിധ സ്റ്റേഷനുകളിലായി ആൻസനെതിരെ കൊലപാതകശ്രമം, ലഹരിഉപയോഗമുൾപ്പെടെ 11 കേസുകൾ നിലവിലുണ്ട്. ആൻസന്റെ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചതുകൂടി ആയപ്പോൾ കേസുകളുടെ എണ്ണം 12ആയി.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഇതിനുമുമ്പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.