തൃശൂര്‍: തൃശൂരില്‍ നടുറോഡില്‍ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ പിന്നിലിരുന്ന പെണ്‍കുട്ടി വീണതെന്ന് പോലീസ്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് മര്‍ദ്ദിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം ബൈക്ക് അഭ്യാസം നടത്തി എന്ന ആരോപണം ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അമല്‍ നിഷേധിച്ചു. സഹപാഠിയെ വീഴ്ത്താന്‍ ആരെങ്കിലും ബൈക്കിന്റെ വീല്‍ ഉയര്‍ത്തുമോ എന്നും അമല്‍ ചോദിച്ചു. ഇരുവരുടെയും പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടാണ് സംഭവം. അമലിനെ ചിലര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായത്.കല്ല് കൊണ്ട് തലയ്ക്കടിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ദൃശ്യങ്ങള്‍. എന്തിനാണ് തന്നെ മര്‍ദ്ദിച്ചത് എന്നറിയില്ലെന്ന് അമല്‍ പറയുന്നു. ഭക്ഷണം കഴിക്കാനായി സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു.
ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അമല്‍ പറയുന്നു.ബൈക്ക് ഓടിക്കുമ്പോള്‍ അമിത വേഗത ഉണ്ടായിരുന്നില്ല. ഇടയ്ക്ക് വാഹനം നിര്‍ത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ വീല്‍ ഉയര്‍ന്നു. ക്ലച്ചില്‍ അമര്‍ത്തിയപ്പോള്‍ വാഹനം പൊങ്ങുകയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി വീണത്. സഹപാഠിയെ വീഴ്ത്താന്‍ ആരെങ്കിലും മനപൂര്‍വ്വം ബൈക്കിന്റെ വീല്‍ ഉയര്‍ത്തുമോ എന്നും അമല്‍ ചോദിക്കുന്നു.
‘തന്നെ മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ല. അവര്‍ തന്നെ മര്‍ദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താന്‍ ധരിച്ച ജോക്കര്‍ വസ്ത്രമാണോ അവര്‍ക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനല്ലേ നാട്ടുകാര്‍ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മര്‍ദ്ദനത്തിനിടെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു’- അമല്‍ പറയുന്നു.