തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വാക്സിനേഷന്‍ ക്രമീകരണത്തിന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസുകളും തുറക്കുന്ന കാര്യത്തിലെ തീരുമാനം പരിശോധിച്ച് മാത്രമേ എടുക്കൂ.
രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തും. ഒക്ടോബര്‍ 4-ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യം കോളജില്‍ എത്തിയ ശേഷം പരിശോധിക്കും. കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ കൃത്യമായി നല്‍കും. ഇതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്സിന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോളജുകളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാര്‍ത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കുവെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുകള്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം സ്‌കൂളുകള്‍ക്ക് നല്‍കും.
യോഗത്തില്‍ പരീക്ഷയുടെ ഒരുക്കങ്ങളും വിലയിരുത്തി. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കവാടത്തിലൂടെ മാത്രമേ സ്‌കൂളിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതുന്നതിനായി പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കും. കൊറോണ രോഗികളായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പിപിഇ കിറ്റുകള്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ എന്നിവ കൈമാറാന്‍ പാടുള്ളതല്ല.
അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ- ആരോഗ്യവകുപ്പിന്റെ യോഗം വ്യാഴാഴ്ച നടക്കും. രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു യോഗം രൂപം നല്‍കും. കുട്ടികള്‍ക്കുള്ള മാസ്‌ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് എന്നിവയിലെല്ലാം അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.
സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ള സ്‌കൂളുകള്‍ക്കും ബാധകമായ രീതിയിലുള്ള പൊതുമാര്‍ഗ രേഖയായിരിക്കും തയാറാക്കുക. ഒക്ടോബര്‍ 15നകം പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ഇരു വകുപ്പുകളുടേയും ലക്ഷ്യം.
ഓരോ സ്‌കൂളുകളിലെയും കുട്ടികളുടെ എണ്ണം പരിഗണിച്ചായിരിക്കും ഒരു സമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിര്‍ദേശം സര്‍ക്കാര്‍ നല്‍കുക. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സംസ്ഥാനത്തുള്ളതിനാല്‍ ഇവിടങ്ങളില്‍ നാലിലൊന്ന് കുട്ടികള്‍ ഹാജരാകണമെന്ന് നിബന്ധന വെച്ചാല്‍പോലും കൂടുതല്‍ കുട്ടികള്‍ ഒരേസമയം വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മാര്‍ഗരേഖ തയാറാക്കുക.