തിരുവനന്തപുരം:സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മണിക്ക് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാൽ സമ്പർക്കത്തിൽ ഉള്ളവരെ ക്വാറന്റീൻ ചെയ്യും. പൊലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍തിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാൻസ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ വിസിയോട് വിശദീകരണം ചോദിച്ചെന്നും ആര് ബിന്ദു അറിയിച്ചു. വിഷയത്തില്‍ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകതരിക്കും. വർഗീയ ഉള്ളടക്കം ഉള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം വിഷയത്തില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.
കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാല വൈസ് ചാൻസിലറോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്നാണ് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിലപാടെടുത്തത്. അതിനിടെ, യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്സിറ്റി വിസിയെ വഴിയിൽ തടഞ്ഞു.
ഗോൾവാൾക്കറും സവർക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാർത്ഥികൾ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാൻ രീതിയാണ്. കേരളത്തിലെ മറ്റ് സർവ്വകലാശാലകളും ഈ പുസ്തകങ്ങൾ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.രാജ്യത്തിൻ്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ കോഴ്സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയ്യാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം. അതേ സമയം എല്ലാ കാര്യങ്ങളും പഠിക്കണ്ടെയെന്നായിരുന്നു കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ്റെ പ്രതികരണം. വിഷയത്തിൽ സംവാദം നടത്തുമെന്നും, അധ്യാപകരുമായി ചർച്ച നടത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ
1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) – വി ഡി സവർക്കറുടെ പുസ്തകം
2. ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) – എം എസ് ഗോൾവാൾക്കറുടെ പുസ്തകം
3. വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) – എം എസ് ഗോൾവാൾക്കറുടെ പുസ്തകം
4. ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ – ബൽരാജ് മധോക്