കൊച്ചി: സിപിഐയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പൊലീസ് ലാത്തിച്ചാര്‍ജിനിടെ കയ്യിലേറ്റ പരുക്കിനെ കുറിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ രേഖകളും എല്‍ദോ എബ്രഹാം എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
കൊച്ചിയില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസിന് വീഴ്ച പറ്റിയതായി കളക്ടറുടെ കണ്ടെത്തല്‍.
സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ല. എംഎല്‍എ അടക്കമുള്ളവരെ മര്‍ദ്ദിച്ചത് ശരിയായില്ല. എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞാറക്കല്‍ സിഐ അടക്കം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, പൊലീസ് ലാത്തിച്ചാര്‍ജിനിടെ കൈക്ക് പറ്റിയ പരുക്കിനെ കുറിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ എല്‍ദോ എബ്രഹാം എംഎല്‍എ എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറി. മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റില്‍ സി ടി സ്കാന്‍ നടത്തിയതിന്റെ റിപ്പോര്‍ട്ടനുസരിച്ച്, കൈയ്ക്ക് പൊട്ടലുണ്ടെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.