തൃശൂർ: ചാലക്കുടി വനം ഡിവിഷൻ ഓഫിസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വനിതാ സീനിയർ സൂപ്രണ്ടിനു സസ്പെൻഷൻ. തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീനിയർ സൂപ്രണ്ട് എം.വി. ഹോബിക്കെതിരെയാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. പുഗഴേന്തി അച്ചടക്ക നടപടിയെടുത്തത്. ജീവനക്കാർക്കിടയിലെ തമ്മിലടിയുടെ പേരിൽ വനംവകുപ്പിനു നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഭവ പരമ്പരകളുടെ ഒടുവിലാണു സസ്പെൻഷൻ.
ഡിവിഷൻ ഓഫിസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയർ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണു പരാതിയിലെ പ്രധാന ആരോപണം. ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. ഓഫിസിലെ ജീവനക്കാർ ചേർന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അസി. ഫോറസ്റ്റ് കൺസർവേറ്ററോട് അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ: മോർഫിങ് സംബന്ധിച്ച തന്റെ പ്രവൃത്തിയിൽ ഉദ്യോഗസ്ഥയ്ക്കു ഖേദമില്ല, സഹപ്രവർത്തകരോടു സഹകരിക്കുന്നില്ല, സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നു, അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നു, ഓഫിസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതികൾ നൽകി, സൂപ്പർവൈസറി തസ്തികയിൽ തുടരാൻ അർഹതയില്ല.. എന്നിങ്ങനെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീളുന്നു.
സൂപ്രണ്ടിനെ ചുമതലയിൽനിന്നു മാറ്റിനിർത്തണമെന്ന ശുപാർശയോടെ സർക്കിൾ ചീഫ് കൺസർവേറ്റർ വനംവകുപ്പ് ആസ്ഥാനത്തേക്കു റിപ്പോർട്ട് കൈമാറിയിരുന്നു. ഇതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തത്.