കോയമ്പത്തൂർ കൂട്ടബലാത്സംഗം; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

കോയമ്പത്തൂര്‍: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി തമിഴ്‌നാട് പോലീസ്. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനും പോലീസിനും എതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടെയാണ് മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തിയതായി പോലീസ് അറിയിച്ചത്. സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. കാലിന് വെടിയേറ്റ മൂന്ന് പ്രതികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞിരുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎ വിദ്യാര്‍ഥിനിയായ 21-കാരിയാണ് അതിക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 11 മണിയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തായ 23-കാരനൊപ്പം കാറിലിരിക്കുമ്പോള്‍ ബൈക്കില്‍വന്ന പ്രതികള്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു.

തുടര്‍ന്ന് പ്രതികള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെ ഇരുവരും പേടിച്ചു പുറത്തിറങ്ങി. രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ചു. മൂന്നാമന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ മൂന്നുപേരും ചേര്‍ന്നു യുവതിയെ ബലം പ്രയോഗിച്ചു കൊണ്ടുപോയി. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

മര്‍ദനമേറ്റ് അവശനായ യുവാവുതന്നെയാണ് അല്പസമയത്തിനുശേഷം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. അഞ്ചുമണിക്കൂറോളം തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ റെയില്‍പ്പാളത്തിനോട് ചേര്‍ന്നുള്ള വിജനമായ പറമ്പില്‍ യുവതിയെ വിവസ്ത്രയാക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. അവശനിലയിലായിരുന്ന യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ മൂന്നുപേരും കോവില്‍പാളയത്തുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്ന് പീളമേട് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് വ്യാപകമായ തിരച്ചിലും ആരംഭിച്ചു. ഇതിനുപിന്നാലെയാണ് കോയമ്പത്തൂരിലെ വെള്ളക്കിണറില്‍വെച്ച് തിങ്കളാഴ്ച അര്‍ധരാത്രി പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്. പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് കാലിന് വെടിവെച്ച് വീഴ്ത്തിയതെന്നാണ് പോലീസ് പറയുന്നത്.

പ്രതികളായ മൂന്നുപേരും മധുര സ്വദേശികളാണെന്ന് വിവരം. കോയമ്പത്തൂരില്‍ കൂലിപ്പണിക്കാരായ മൂവരും നഗരത്തിലെ വാടകമുറിയിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. കാലിന് വെടിയേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ യുവതിയെ അവശനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനായി ഏഴ് പ്രത്യേകസംഘങ്ങളെയും നിയോഗിച്ചു. പ്രതികള്‍ മോഷ്ടിച്ച ബൈക്ക് മാത്രമായിരുന്നു അന്വേഷണത്തില്‍ ആദ്യംകിട്ടിയ തുമ്പ്. ഇതിനിടെ ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസിന്റെ പട്ടികയിലുള്ള 60-ഓളം പേരുടെ ഫോട്ടോകള്‍ പെണ്‍കുട്ടിക്ക് കാണിച്ചുനല്‍കി. എന്നാല്‍, ഈ ഫോട്ടോകളിലുള്ളവരെ പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

രാത്രിയിലുള്ള പ്രതികളുടെ ദൃശ്യം ചില ക്യാമറകളില്‍ പതിഞ്ഞിരുന്നെങ്കിലും വെളിച്ചക്കുറവ് കാരണം ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ പ്രതികള്‍ പോലീസിനെ ആക്രമിച്ചെന്നും ഇതോടെയാണ് പ്രതികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നുമാണ് പോലീസ് ഭാഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News