കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി പിടിയിൽ ;ടൈലര്‍ രാജ പിടിയിലായത് 26 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം

കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി; 26 വർഷമായി ഒളിവില്‍; ഒടുവില്‍ ടൈലര്‍ രാജയെ പൂട്ടി പോലീസ്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാജ എന്ന ടൈലര്‍ രാജ(48) അറസ്റ്റില്‍. 26 വര്‍ഷമായി ഒളിവിലായിരുന്ന ടൈലര്‍ രാജയെ ബുധനാഴ്ച കര്‍ണാടകയില്‍നിന്നാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

1998-ല്‍ കോയമ്പത്തൂരിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളിലൊരാളാണ് ടൈലര്‍ രാജ. നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയുടെ സജീവപ്രവര്‍ത്തകനായിരുന്ന രാജയാണ് കോയമ്പത്തൂരില്‍ സ്‌ഫോടനം നടത്താനുള്ള ബോംബുകള്‍ വിതരണംചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കോയമ്പത്തൂര്‍ ഉക്കടം ബിലാല്‍ എസ്റ്റേറ്റ് സ്വദേശിയായ രാജ, തയ്യൽക്കാരനായി ജോലിചെയ്തുവരുന്നതിനിടെയാണ് ഭീകരസംഘടനയായ അല്‍-ഉമ്മയുടെ ഭാഗമാകുന്നത്. കോയമ്പത്തൂരില്‍ വാടകയ്‌ക്കെടുത്ത മറ്റൊരുവീട്ടിലായിരുന്നു ഇയാളുടെ ബോംബ് നിര്‍മാണം. നിര്‍മിച്ച ബോംബുകള്‍ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. തുടര്‍ന്ന് ഈ ബോംബുകള്‍ ഉപയോഗിച്ചാണ് 1998-ല്‍ അല്‍-ഉമ്മ അംഗങ്ങള്‍ കോയമ്പത്തൂരില്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ബോംബ് സ്‌ഫോടനക്കേസിന് പുറമേ മൂന്ന് കൊലക്കേസുകളിലും ടൈലര്‍ രാജ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. 1996-97 കാലയളവില്‍ തമിഴ്‌നാട്ടിലെ നാഗോര്‍, കോയമ്പത്തൂര്‍ റേസ് കോഴ്‌സ്, മധുര കരിമേട് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. കോയമ്പത്തൂരിലെ കോടതിയില്‍ ഹാജരാക്കിയ രാജയെ ജൂലായ് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു.

1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലേറെ പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റു. അതേസമയം, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുജീബുറഹ്‌മാന്‍ ഇപ്പോഴും ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News