Featuredhome bannerHome-bannerNationalNews

കോയമ്പത്തൂർ സ്ഫോടനം: 7 പേ‍ർ കസ്റ്റഡിയിലെന്ന് സൂചന, സിസിടിവി ദൃശ്യങ്ങളിൽ മുബിനൊപ്പം 4 പേർ

കോയമ്പത്തൂർ: കൊയമ്പത്തൂരിലെ ഉക്കടത്ത് ചാവേ‍ർ‌ ആക്രമണം എന്ന് സംശയിക്കുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. സ്ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് സൂചന. ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുബിനുമായി ബന്ധപ്പെട്ടവരെയും മുബിൻ സന്ദ‍ശിച്ചവരേയും തിരിച്ചറിയാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ 7 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിനാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഉക്കടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫ‌ർ, അലുമിനിയം പൗഡ‌ർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വലിയ സ്ഫോടനത്തിന് ഇയാൾ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ മുബിൻ തനിച്ചായിരുന്നില്ല എന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടവ‍ർ ഇയാൾക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നുമാണ് നിഗമനം. 

ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാ‍ർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ട‍ർ കൂടി കാറിനകത്ത് കണ്ടെത്തി. 

സംഭവത്തിന് പിന്നാലെ തമിഴ‍്‍നാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ‍്‍നാട് ഡിജിപി സി.ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. എഡിജിപി കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുകയാണ്. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന പൊലീസ് എയ‍്‍ഡ്പോസ്റ്റുണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്. എയ‍്‍ഡ്പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ മുബിൻ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. ചാവേർ എന്ന് സംശയിക്കുന്ന  ജമേഷ മുബിന്റെ സുഹൃത്തുക്കളെയും ഇയാളുമായി ബന്ധമുള്ളവരേയും കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button