ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ സോഷ്യല്‍ മീഡിയാ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പിന്നിലാക്കി ചരിത്രം കുറിച്ചതിന് തൊട്ടുപിന്നാലെ, പ്രശസ്ത ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സിജെപി) ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. 'CJP_2029' എന്ന യൂസര്‍നെയിമുള്ള അക്കൗണ്ട് തുറക്കുമ്പോള്‍ 'Account Withheld' എന്ന് വലിയ അക്ഷരങ്ങളിലും, ഇന്ത്യയില്‍ നിന്നുള്ള നിയമപരമായ ആവശ്യപ്രകാരമാണ് അക്കൗണ്ട് തടഞ്ഞിരിക്കുന്നതെന്ന പോപ്പ്-അപ്പ് സന്ദേശവുമാണ് ഇപ്പോള്‍ കാണിക്കുന്നത്. ഈ നടപടി താന്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായി കൂട്ടായ്മയുടെ സ്ഥാപകന്‍ അഭിജിത് ദീപകെ പ്രതികരിച്ചു. അക്കൗണ്ട് വിലക്കപ്പെടുമ്പോള്‍ 165K (ഒന്നര ലക്ഷത്തിലധികം) ഫോളോവേഴ്‌സാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്കുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ 12.6 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്.
ഒരു ആധികാരിക അതോറിറ്റിയില്‍ നിന്ന് കൃത്യമായ നിയമപരമായ ആവശ്യം വരുമ്പോഴോ, പ്രാദേശിക നിയമങ്ങളുടെ ലംഘനം ഉണ്ടാകുമ്പോഴോ മാത്രമാണ് ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്ത് മാത്രം അക്കൗണ്ടുകള്‍ക്ക് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്താറുള്ളതെന്ന് എക്‌സ് അധികൃതര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയ സിജെപിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനുള്ള 8.8 മില്യണ്‍ ഫോളോവേഴ്‌സിനെ മറികടന്ന്, ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 13.2 മില്യണ്‍ (ചില കണക്കുകള്‍ പ്രകാരം 12.6 മില്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ സിജെപിയുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ നിലപാടുകള്‍ക്ക് ലഭിച്ച വന്‍ ജനപ്രീതിക്ക് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്. എക്‌സ് അക്കൗണ്ട് പൂട്ടിച്ചെങ്കിലും സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമായി തുടരുന്നുണ്ട്.
കഴിഞ്ഞയാഴ്ച സുപ്രീം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ യുവാക്കളെ 'പാറ്റകളോടും' (Cockroaches) 'പരാന്നഭോജികളോടും' ഉപമിച്ചതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായാണ് സോഷ്യല്‍ മീഡിയയില്‍ ഈ ആക്ഷേപഹാസ്യ മുന്നണി ജന്മമെടുത്തത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യുവാക്കള്‍ക്ക് വേണ്ടി യുവാക്കളാല്‍ നയിക്കപ്പെടുന്ന 'സെക്യുലര്‍-സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-ലേസി' കൂട്ടായ്മയായി കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകൃതമായത്. നിലവിലെ ഭരണസംവിധാനങ്ങളും അധികാരികളും ശ്രദ്ധിക്കാന്‍ മറന്നുപോയ മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമാണ് തങ്ങളെന്നാണ് ഇവര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കുന്നത്.
വെറുമൊരു സോഷ്യല്‍ മീഡിയ ട്രോള്‍ പേജ് എന്നതിനപ്പുറം കൃത്യമായ ലക്ഷ്യങ്ങളുള്ള ഒരു രാഷ്ട്രീയ മാനിഫെസ്റ്റോയും സിജെപി പുറത്തിറക്കിയിട്ടുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുക, ജനവിധി അട്ടിമറിച്ച് രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തുക, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷം നല്‍കുന്ന രാജ്യസഭാ പദവികള്‍ പൂര്‍ണ്ണമായി നിരോധിക്കുക, ഭരണകൂട അനുകൂല മാധ്യമങ്ങളിലെ (ഗോദി മീഡിയ) പ്രമുഖ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക, തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ വിപ്ലവകരമായ ആവശ്യങ്ങളാണ് തങ്ങളുടെ മാനിഫെസ്റ്റോയിലൂടെ കോക്രോച്ച് ജനതാ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ഈ ആശയങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യയിലെ എക്‌സ് പ്ലാറ്റ്ഫോമില്‍ നിന്നും ഈ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നത്.


