ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.
അതേസമയം, 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധന ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ലോക വിപണിയില്‍ ഒറ്റ ദിവസം ഏഴ് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.
യുക്രെയ്ന്‍- റഷ്യ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ആഴ്ചകളോളം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.