കാസര്‍ക്കോട്: കോഴിപ്പോരിനിടെ പന്തയം വച്ചത് സംബന്ധിച്ചുള്ള തര്‍ക്കം കലാശിച്ചത് അടിപിടിയിലും കൈയാങ്കളിയിലും. പന്തയം വച്ച തുകയില്‍ 200 രൂപയുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടങ്ങിയ വാക്കു തര്‍ക്കമാണ് അക്രമത്തിലേക്ക് വഴി മാറിയത്. പന്തയക്കോഴിയുടെ കാലില്‍ ഘടിപ്പിക്കുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടിയതോടെ കോഴിപ്പോര് ചോരക്കളിയായി മാറി.
പരസ്പരം പോരടിക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ മറ്റൊരാളുടെ കഴുത്തിന് ബ്ലെയ്ഡ് ഉപയോഗിച്ച് വരഞ്ഞു പരിക്കേല്‍പ്പിച്ചു. കാസര്‍ക്കോട് കുമ്പളയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.കിരണ്‍ (29), ഗുരുരാജ് (23), നവീന്‍ (22), ധീരജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
ആറ് പേരും സുഹൃത്തുക്കളും ദിവസക്കൂലി തൊഴിലാളികളുമാണെന്ന് പൊലീസ് വ്യക്തമാക്കി. കുമ്പളയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പോസാടി ഗമ്പെ എന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയാണ് കോഴിപ്പോര് സംഘടിപ്പിച്ചത്. ഇതിന്റെ പേരില്‍ ആറ് പേരും തമ്മില്‍ വാതുവച്ചു. എന്നാല്‍ 200 രൂപയുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടങ്ങിയ വാക്കു തര്‍ക്കം പരസ്പരം ആയുധമെടുത്തുള്ള ആക്രമണത്തിലേക്ക് തിരിഞ്ഞു.
സംഘത്തിലുള്ളവരെല്ലാം മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു.മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, അഡൂര്‍, ബദിയഡ്ക, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ കോഴിപ്പോരാട്ടം ആചാരങ്ങളുടെ ഭാഗമായി നടത്താറുണ്ട്. അല്ലാതെ നടത്തുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം സ്ഥലങ്ങളില്‍ എത്തി പോലീസ് കോഴികളെ പിടിച്ചെടുക്കാറുണ്ട്.
ഇവയെ കോടതിയില്‍ ഹാജരാക്കണം. പിന്നീട് ഈ കോഴികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. ഈ കോഴിയെ വാങ്ങുന്നവര്‍ 25,000 വരെ വിലയ്ക്ക് ഇവയെ ചന്തയില്‍ വില്‍ക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.