28.9 C
Kottayam
Friday, May 3, 2024

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സപ്പ് പണിമുടക്ക്; സക്കര്‍ബര്‍ഗിനു നഷ്ടം 52,246 കോടി രൂപ

Must read

സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 7 ബില്യന്‍ ഡോളര്‍ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹകമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുറഞ്ഞു.

ഇത്ര ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം സ്ഥാനത്താണ് സക്കര്‍ബെര്‍ഗ്. ടെസ്ല, സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഫ്രഞ്ച് വ്യവസായി ബെര്‍നാള്‍ഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഫേസ്ബുക്ക് മാനേജ്മെന്റ് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു സേവനങ്ങള്‍ തകരാറിലായെന്ന് പ്രതികരണം. ഏഴുമണിക്കൂറോളമാണ് ഫേസ്ബുക്കിനുകീഴിലുള്ള സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്.

വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലായത്.വാട്സാപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ’് എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആയിരുന്നില്ല.ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിച്ചില്ല.

ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുന്‍പും ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഒരുമിച്ച് പ്രവര്‍ത്തന രഹിതമാവുകയും അല്‍പ സമയത്തിന് ശേഷം തിരികെയെത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week