കോഴിക്കോട്: നഗരത്തില്‍ തോപ്പയില്‍ കടപ്പുറത്തിനു സമീപം ആവിക്കല്‍ തോടിന്റെ കരയില്‍ ജനവാസമേഖലയില്‍ ശുചിമുറിമാലിന്യ സംസ്‌കരണ പ്ലാന്റ് (സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ) നിര്‍മിക്കാന്‍ മണ്ണു പരിശോധനയ്‌ക്കെത്തിയ സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞതിനെത്തുടര്‍ന്നു സംഘര്‍ഷം. വാര്‍ഡ് കൗണ്‍സിലര്‍ സൗഫിയ അനീഷ് അടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രദേശവാസികള്‍ 12 മണിക്കൂറോളം നടത്തിയ പ്രതിഷേധത്തിനൊടുവില്‍, ഇന്നു ചര്‍ച്ച നടത്താമെന്നു കലക്ടര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് തോടിന്റെ പകുതിയോളം മൂടി സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധസമരങ്ങള്‍ നടന്നു വരികയാണ്. ഇന്നലെ രാവിലെ എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങള്‍ ഉച്ചയോടെ തിരികെ കൊണ്ടുപോയെങ്കിലും മൂന്നു മണിയോടെ മണ്ണുകുഴിക്കാനുള്ള യന്ത്രങ്ങളുമായി വാഹനമെത്തി. നാട്ടുകാര്‍ തടഞ്ഞതോടെ പൊലീസ് ലാത്തിവീശുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
വൈകിട്ടു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ നാട്ടുകാര്‍ തീരദേശ റോഡ് ഉപരോധിക്കുകയും ചെയ്തു. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ജനവാസമേഖലയില്‍ പ്രദേശവാസികളെ അടിച്ചമര്‍ത്തി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോര്‍പറേഷനിലെ 62,66,67 (മൂന്നാലിങ്കല്‍, തോപ്പയില്‍, വെള്ളയില്‍) വാര്‍ഡുകളില്‍ ഇന്നു ജനകീയ കൂട്ടായ്മ തീരദേശ ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.