കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാർ അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തിയാണ്.
ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.
1955-ൽ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം കണ്ണൂർ സ്പോർട്സ് സ്കൂളിൽ അധ്യാപകനായി ചേർന്നു. ഇവിടെ വിദ്യാർഥിനിയായിരുന്നു പി.ടി.ഉഷ. പിന്നീട് പി.ടി.ഉഷയുടെ വ്യക്തിഗത പരിശീലകനായി മാറിയ നമ്പ്യാർ ഉഷയുടെ ജൈത്രയാത്രക്ക് പിറകിലെ സാന്നിധ്യമായി മാറി.