KeralaNews

കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ സമരത്തിന് മുഖ്യമന്ത്രി; വൻ പ്രക്ഷോഭത്തിന് എൽഡിഎഫ്

തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് മുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടത്തും. ജനുവരിയിലാണ് പ്രതിഷേധ സമരം. മുഴുവൻ എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും ഈ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

കേന്ദ്രം കേരളത്തിന്  അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ഇപി പറഞ്ഞു. 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുകയാണ്. 18 യുഡിഎഫ് എംപിമാർ ഇവിടെ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇവരാരും കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാർ മുഖം തിരിച്ച് നിൽക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ പോലും എംപിമാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന്റെ സാമ്പത്തിക പ്രയാസം കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേരളവിരോധപരമായ സമീപനത്തിനെതിരെ സംസ്ഥാന തലത്തിൽ വിപുലമായ കൺവൻഷൻ നടത്തുമെന്ന് ഇപി അറിയിച്ചു. ജില്ലാ  തലത്തിൽ പ്രത്യേകം യോഗം വിളിക്കും. നവകേരള സദസ്സിനോട് അനുബന്ധമായി കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്ക് എതിരെ സെമിനാറുകൾ സംഘടിപ്പിക്കും. അതിൽ കേരളത്തോട് താത്പര്യമുള്ള എല്ലാ പാർട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളീയം പരിപാടി വൻ വിജയമായിരുന്നുവെന്ന് ഇടതുമുന്നണി വിലയിരുത്തി. കേരളം ഇനിയും വളരേണ്ടതുണ്ടെന്നും അതിന് എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം കൺവീനർ ഇപി ജയരാജൻ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിഭവശേഷി, പ്രവാസികളിൽ നിന്നുള്ള പങ്കാളിത്തം, ഭൂപരിഷ്‌കരണ നിയമം, സഹകരണ മേഖലയിലെ സാമ്പത്തിക വളർച്ചയും വിദ്യാഭ്യാസ രംഗത്തെ കൂട്ടായ്മകളുമാണ് കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തിക ശേഷിയും ഉയർത്തണം. 71000 കോടി രൂപയുടെ കുടിശിക പിരിക്കാൻ ഈ സർക്കാരിന് ഈ വർഷം കഴിഞ്ഞു.

48000 കോടി രൂപയായിരുന്നു മുൻപ് കുടിശിക പിരിച്ചത്. കേരളത്തിൽ കുടിശിക പിരിക്കുന്നില്ലെന്നത് തെറ്റായ നിരീക്ഷണമാണ്. ഇഎംഎസ് സർക്കാരിന്റെ കാലം മുതലുള്ള കുടിശിക മുഴുവൻ കൂട്ടി കേരളം കുടിശിക പിരിക്കുന്നില്ലെന്ന് പറയുന്നത് കേരളത്തെ കുറ്റപ്പെടുത്താനാണ്. കേരള വിരുദ്ധർക്ക് മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button