KeralaNews

മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയേക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ സാധ്യത മുന്‍കൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫല്‍മേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് ആവശ്യമായ തയാറെടുപ്പാണ് സംസ്ഥാനത്ത് നിലവില്‍ നടത്തി വരുന്നത്. മുതിര്‍ന്നവരില്‍ വലിയ ശതമാനം ആളുകള്‍ക്കും വാക്സിനേഷന്‍ വഴിയും, രോഗബാധയാലും പ്രതിരോധ ശക്തി ആര്‍ജിക്കാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നാം തരംഗത്തില്‍ അതുവരെ കാര്യമായി രോഗബാധയുണ്ടാക്കാത്ത കുട്ടികള്‍ക്കിടയില്‍ കേസുകള്‍ കൂടിയേക്കാം. അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ മൂന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന ട്രയാജ് പ്രോട്ടോകോള്‍, ഡിസ്ചാര്‍ജ് നയം, മാര്‍ഗരേഖ, എന്നിവ കൃത്യമായി രൂപീകരിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫല്‍മേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി വരികയാണ്. ഒപ്പം, ആശുപത്രികളില്‍ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഡല്‍റ്റാ വൈറസ് സാന്നിധ്യം കൂടുതല്‍ നാള്‍ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും ഇനിയും രോഗം വന്നേക്കാമെന്നും അതുകൊണ്ട് തന്നെ ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെല്‍റ്റാ വൈറസ് സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം കടക്കാതിരിക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതില്‍ ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയൊരു തരംഗം താനെ ഉണ്ടാകില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് ഇതിന് കാരണമെന്ന് ജനങ്ങള് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1,12,12,353 ഡോസ് വാക്സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button