തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംഘപരിവാര്‍, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ദ്വീപിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ദ്വീപ് വാസികളുടെ ഉപജീവന മാര്‍ഗം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ ദ്വീപില്‍ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളില്‍ അധികം ഉള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നത് കേട്ടു കേള്‍വി ഇല്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രമേയം ഐകകണ്‌ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുണ്ടെന്നും എന്നാല്‍ കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും കോണ്‍ഗ്രസ്സും ലീഗും ഭേദഗതി നിര്‍ദേശിച്ചു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാര്‍ഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയുടെ അവകാശലംഘനമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.