തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ലാക്ക് ഫംഗസിനെയും ഉള്‍പ്പെടുത്തി. ബ്ലാക്ക് ഫംഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 44 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗബാധയേറ്റത്. 44 പേരില്‍ 9 പേര്‍ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരത്ത് 3 പേര്‍ക്കും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 2 പേര്‍ക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലു പേര്‍ക്കും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3 തമിഴ്‌നാട് സ്വദേശികളും സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.