മലപ്പുറം: കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനായി അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായതെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി അറിയിച്ചു. ഇവരാണ് യന്ത്രം കടലില്‍ സ്ഥാപിച്ചത്.
സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായിരിക്കുന്നത്ത്. മൂന്ന് ദിവസം മുമ്പാണ് ഇതില്‍ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. തുടര്‍ന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
ഇതിനിടെ മലപ്പുറം താനൂരില്‍ നിന്നുള്ള ഒരാളുടെ ഫേസ്ബുക്കില്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും വിവരമുണ്ട്. തങ്ങള്‍ക്ക് കടലില്‍ നിന്ന് ഒരു വസ്തു ലഭിച്ചതായാണ് ഈ വീഡിയോയില്‍ പറയുന്നത്. ആളുകള്‍ യന്ത്രത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നുമുണ്ട്.
മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന. സംഭവത്തില്‍ മലപ്പുറത്തെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രാലയം. യന്ത്രത്തിലുണ്ടായിരുന്ന സെന്‍സറുകള്‍ തകരാറിലായതോടെയാണ് ഇതില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായിരിക്കുന്നത്.