അമ്പലപ്പുഴ: പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. പോലീസുകാരുൾപ്പെടെ 13 പേർക്കു പരിക്ക്. സംഘർഷത്തിൽ 9 യുവാക്കൾക്കും 4 പൊലീസുകാർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതിനാണ് സംഘർഷം ആരംഭിച്ചത്. വണ്ടാനം മാധവൻ മുക്കിൽ ആണ് സംഭവം.
തീരദേശത്ത് നിന്ന് പിടികൂടിയ യുവാക്കളെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതിനെ ഒരുവിഭാഗം നാട്ടുകാർ എതിർത്തു. ഇതിനിടെ പൊലീസ് ലാത്തി വീശിയത് കൂടുതൽ പ്രകോപനമായി. തുടർന്ന് ചില കോണുകളിൽ നിന്ന് കല്ലേറുണ്ടായി. പുന്നപ്ര സിഐ പ്രതാപചന്ദ്രന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു.
സംഭവമറിഞ്ഞു വൻ പൊലിസ് സംഘം സ്ഥലത്തെത്തി നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രാത്രി ഏറെ വൈകിയും നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.ഒരു പ്രകോപനവുമില്ലാതെ തീരത്തിരുന്ന യുവാക്കളെ പൊലീസ് പിടിച്ചതാണ് സംഘർഷത്തിനു വഴിയൊരുക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം മദ്യലഹരിയിൽ ചിലർ ബഹളംവച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.