കരുനാഗപ്പള്ളി: കുടുംബപ്രശ്നം ചർച്ചചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് കുഴഞ്ഞുവീണ തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡൻറ് കൂടിയായ ഇദ്ദേഹംകൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ െവച്ച് ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുത്തു. തുടർന്ന് മർദനമേറ്റ സലിം കുഴഞ്ഞുവീണു. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഘർഷത്തിൽ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചവറ, കൊട്ടുകാടുനിന്ന് എത്തിയ സംഘത്തിന്റെപേരിൽ ജമാഅത്ത് ഭാരവാഹികൾ പോലീസിൽ പരാതി നൽകി. കരുനാഗപ്പള്ളി പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
സി.പി.എം. ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി.
സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ തൊടിയൂർ പഞ്ചായത്തിൽ ഹർത്താലാചരിക്കുമെന്ന് എൽ.ഡി.എഫ്. നേതാക്കൾ പറഞ്ഞു.