വരാപ്പുഴ ബാറിലെ സംഘര്‍ഷം: പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു, ഒരാള്‍ അറസ്റ്റില്‍

വരാപ്പുഴ ബാറിലെ സംഘര്‍ഷം: പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു, ഒരാള്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുവള്ളി തൃക്കപുരം സെയിന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്ക് സമീപം മണ്ണുവിള പുത്തന്‍വീട്ടില്‍ ജോണിന്റെ മകന്‍ ജോമോന്‍(42)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 31-നു രാത്രി പത്തുമണിയോടടുത്ത് വരാപ്പുഴ ഗോപിക റീജന്‍സി ബാറിലാണ് സംഭവം നടന്നത്. മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വയറിനു മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കുപറ്റിയ ജോമോന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി മദ്ദളക്കാരന്‍ വീട്ടില്‍ ശ്രീജിത്തി (40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ചേരാനല്ലൂരിലുള്ള ഒളിസങ്കേതത്തില്‍ നിന്നുമാണ് വരാപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ പോലീസ് തിരയുന്നു.

മരിച്ച ജോമോന്റെ അമ്മ: ജോബ ജോണ്‍. ഭാര്യ: പ്രിയ. മക്കള്‍: ജിയാന എസ്ര, തെരേസ റേച്ചല്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News