KeralaNews

പ്രചാരണത്തിനിടെ സംഘര്‍ഷം; പ്രസംഗം പാതി വഴിയില്‍ അവസാനിപ്പിച്ച് പി.സി ജോര്‍ജ് മടങ്ങി

പൂഞ്ഞാര്‍: പ്രചാരണത്തിനിടെ സംഘര്‍ഷം ഉടലെടുത്തതോടെ പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി.ജോര്‍ജ് മടങ്ങി. സി.പി.എം.-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാറത്തോട്ടില്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു.

ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി.ജോര്‍ജ് മടങ്ങുകയും ചെയ്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പലിശക്കാരനാണ് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ‘പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ചെക്കുകേസുകളില്‍ പെട്ടയാളാണ്. അത് ഞാന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button