കോഴിക്കോട്: മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലെ പൊട്ടിത്തെറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് നേതാവ് രംഗത്ത് എത്തിയത് മുസ്ലീംലീഗിനെ ഞെട്ടിച്ചു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സമോളാണ് പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയത്.
നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണെന്ന് ഹഫ്‌സമോള്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
സ്തുതി പാടുന്നവര്‍ക്കും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്‌റ്റൈല്‍ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്ന് ഹഫ്‌സമോള്‍ കുറിപ്പില്‍ വിശദമാക്കുന്നു. എന്നാല്‍ ഹഫ്‌സയുടെ കുറിപ്പിനെതിരെ രൂക്ഷമായ പ്രതികരണമാണ് ലഭിക്കുന്നത്
നേരത്തെ പാര്‍ട്ടിയിലെ അധികാരകേന്ദ്രമായ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച മലപ്പുറം എംഎസ്എഫ് ജില്ലാപ്രസിഡണ്ടിനെ നീക്കം ചെയ്തു. കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമുണ്ടായിരുന്നു.
എംഎസ്എഫ് സംസ്ഥാന കൗണ്‍സിലില്‍ പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിനെചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് പുല്‍പ്പറ്റയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്തത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ ഉന്നതാധികാരസമിതിയംഗം പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് റിയാസ് പ്രതികരിച്ചിരുന്നു.