ഷിംല: അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിലേക്ക് കേന്ദ്ര നിരീക്ഷകനായി അയച്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ വാഹനവ്യൂഹമാണ് പ്രതിഭാ അനുകൂലികള്‍ തടഞ്ഞത്.
എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോയില്‍ ബാഗേലിന്റെ വാഹനം തടഞ്ഞ സംഘം പ്രതിഭാ സിങിന് അനുകൂല മുദ്രവാക്യം വിളിക്കുന്നത് കേള്‍ക്കാം. എംപിയായ പ്രതിഭാ സിങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. പാര്‍ട്ടി അധ്യക്ഷയായ അവര്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയാണ്.
പ്രതിഭാ സിങിനെ കൂടാത് ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖു, മുന്‍പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ചിരിക്കുന്നത്. നിലവില്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭ മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. വീരഭദ്ര സിങ്ങിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസിന് അവഗണിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവെക്കുന്ന വാദം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗം ഇന്ന് വൈകീട്ട് ചേരും. ‘ഗ്രൂപ്പിസമില്ല, എല്ലാവരും ഞങ്ങള്‍ക്കൊപ്പമാണ്’ – യോഗത്തിന് മുന്നോടിയായി പ്രതിഭാ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ സോണിയയും ഹൈക്കമാന്‍ഡും തന്നെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കാനും തനിക്ക് സാധിക്കുമെന്നും ഇന്ന് രാവിലെ പ്രതിഭ പ്രതികരിച്ചിരുന്നു.
ഭൂപേഷ് ബാഗേലിനെ കൂടാതെ മുതിര്‍ന്ന നേതാക്കളായ രാജീവ് ശുക്ലയേയും ഭൂപീന്ദര്‍ ഹൂഡയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹിമാചലിലേക്കയച്ചിട്ടുണ്ട്. ഈ നേതാക്കള്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമായെല്ലാം ചര്‍ച്ച നടത്തും.