ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനിടെ വൻ സംഘർഷം. കൗൺസിൽ ഹാളിനകത്ത് ബിജെപി-എഎപി കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്.
ആറു സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായെന്ന് മേയർ ഷെല്ലി ഒബ്രോയ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപി-എഎപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. ബിജെപി കൗൺസിലർമാർ മേയറെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് എഎപി ആരോപിച്ചു. സംഘർഷത്തിനിടെ എഎപി കൗൺസിലർ കുഴഞ്ഞുവീണു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കിടെ ബിജെപി കൗൺസിലർമാർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മേയർ ഷെല്ലി ഒബ്രോയ് ആരോപിച്ചു. അതേസമയം എഎപി കൗൺസിലർമാർ തങ്ങളെ ചെരിപ്പുകൊണ്ടടക്കം മർദിച്ചുവെന്ന് ബിജെപി അംഗങ്ങളും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.
ആറ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്ന് മേയർ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായെന്ന് മേയർ പ്രഖ്യാപിച്ചതിനെതിരെ ബിജെപി അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.
വോട്ടെണ്ണൽ തടസപ്പെടുത്തിയ ബിജെപി അംഗങ്ങൾ മേയർ അസാധവുമായി പ്രഖ്യാപിച്ച വോട്ട് സാധുവാണെന്ന് അവകാശപ്പെട്ടു. എന്നാൽ അസാധവുമായ വോട്ട് ഒഴിവാക്കിയേ ഫലം പ്രഖ്യാപിക്കൂവെന്ന് മേയർ നിലപാടെടുത്തു. തുടർന്നാണ് വാക്ക്പോര് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയത്. കൗൺസിലർമാർ തമ്മിൽ പരസ്പരം ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 250 അംഗ കൗൺസിലിൽ 242 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് തോന്നിയപ്പോൾ ബിജെപി അംഗങ്ങൾ പ്രകോപിതരായി മേയറെ ആക്രമിക്കുകയായിരുന്നുവെന്ന് എഎപി എംഎൽഎ അതിഷി മർലേന ആരോപിച്ചു. ഇത് എന്ത് പെരുമാറ്റമാണ്? ഇത് ലജ്ജാകരവും അപലപനീയവുമാണ്. രാജ്യം ഇത് കാണുന്നുണ്ട്. തങ്ങളുടെ തോൽവി ബിജെപി അംഗീകരിക്കണം. ബിജെപി അവരുടെ ഗുണ്ടായിസം അവസാനിപ്പിക്കണം.
മേയറെ ആക്രമിച്ചവരെ ജയിലിൽ അയക്കുമെന്നും അതിഷി പറഞ്ഞു. അതേസമയം ബിജെപി മൂന്നു സീറ്റുകളിൽ വിജയിച്ചുവെന്നും എന്നാൽ ഇത് മേയർ അംഗീകരിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിച്ചു തെറ്റായ പ്രഖ്യാപനങ്ങൾ നടത്തുകയാണ്. നിരവധി ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റു. പോലീസിനെ സമീപിക്കും. എഎപി ഗുണ്ടകളുടെ പാർട്ടിയാണെന്ന് തെളിയിച്ചുവെന്നും ബിജെപി വിമർശിച്ചു.
Councillor collapses at Delhi Civic Centre as clashes break out between AAP, BJP councillors
— ANI Digital (@ani_digital) February 24, 2023
Read @ANI Story | https://t.co/YAJMLLCQ43#MCD #DelhiCivicCentre #AAP #BJP #Delhi #DelhiMayor pic.twitter.com/lW18Dnr3i0