കൊല്ലം : സി.പി.എം. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വാക്കേറ്റവും സംഘർഷവും. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയിൽ പൂട്ടിയിട്ടു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം.
സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പാനൽ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എതിർത്തവരുടെ നിലപാട്. മറ്റുചിലരെക്കൂടി ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇത് പൂർണമായും അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധമുയർന്നത്.
നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശവും ഉയർന്നു. ഇതിനിടെ സമ്മേളനവേദിക്കു വെളിയിലുണ്ടായിരുന്ന ചിലർ കെട്ടിടത്തിന്റെ ഗേറ്റ് പൂട്ടി. സംസ്ഥാനസമിതി അംഗങ്ങളെ ഉൾപ്പെടെ പുറത്തുവിടാൻ ഇവർ തയ്യാറായില്ല. ഇതോടെ രംഗം വഷളായി. പിന്നീട് സമ്മേളന പ്രതിനിധികൾ എത്തിയാണ് നേതാക്കളെ പുറത്തെത്തിച്ചത്. അതേസമയം പ്രതിഷേധം മുന്നിൽക്കണ്ട് ഗേറ്റ് അകത്തുനിന്ന് പൂട്ടുകയായിരുന്നെന്ന് ഔദ്യോഗികപക്ഷത്തുള്ളവർ പറയുന്നു.
പുറത്തുനിന്നവരും നേതൃത്വത്തിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി. ഏകപക്ഷീയമായ നടപടികളാണ് സമ്മേളനത്തിൽ ഉണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു പ്രതിഷേധിച്ചവരുടെ നിലപാട്. രാത്രി വൈകിയും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
മത്സരമുണ്ടായതിനെ തുടർന്ന് നിർത്തിവെച്ച സമ്മേളനമാണ് വ്യാഴാഴ്ച വീണ്ടും ചേർന്നത്. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ കുറച്ചുനാളായി വിഭാഗീയത രൂക്ഷമാണ്.
ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് ലോക്കൽ കമ്മിറ്റികളിൽ ഏഴിടത്തും സമ്മേളന നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. നിർത്തിവെച്ച സമ്മേളനങ്ങൾ കഴിഞ്ഞദിവസംമുതലാണ് പുനരാരംഭിച്ചത്. വ്യാഴാഴ്ച നടന്ന കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനം പ്രതിഷേധത്തെത്തുടർന്ന് നിർത്തിവയ്ക്കേണ്ടിയും വന്നു.