നേമം: തിരുവനന്തപുരം വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയായിരുന്നു സംഭവം. കമ്മിറ്റി ഓഫീസിനു സമീപം ഡ്യൂട്ടി നോക്കുന്നതിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ നേമം പൊലീസ് ഈ ഭാഗത്ത് പ്രത്യേക വിശ്രമ കേന്ദ്രം നിർമ്മിക്കുകയായിരുന്നു. താൽക്കാലികമായി ടെന്റ് കെട്ടി പൂർത്തിയാക്കിയതോടുകൂടിയാണ് ആർ.എസ്.എസ്. പ്രവർത്തകർ ടെന്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടത്.
പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കില്ലെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും ഇവർ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കെട്ടിയ ടെന്റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും സി.ഐ. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെ പോലീസിനെതിരേ ആക്രോശവുമായി എത്തിയ ആർ.എസ്.എസുകാർ വിശ്രമകേന്ദ്രം പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് ഫോർട്ട് എ.സി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. പ്രശ്ന സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതിന് ഏതാണ്ട് ഒരാഴ്ച മുമ്പും ഇവിടെ സംഘർഷ സാധ്യത ഉണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് കാവിക്കൊടി കെട്ടിയതുമായി ബന്ധപ്പെട്ടാണ് അന്ന് പ്രശ്നം ഉടലെടുത്തത്. കൊടി കെട്ടാൻ പാടില്ല എന്ന കളക്ടറുടെ ഉത്തരവ് നിലനിൽക്കെ ബി.ജെ.പി. – ആർ.എസ്.എസ്. പ്രവർത്തകർ കാവിക്കൊടി കെട്ടിയതിനെ ഭക്തർ ചോദ്യം ചെയ്തിരുന്നു.
അന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാവിക്കൊടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും ഇത് നീക്കം ചെയ്യപ്പെട്ടിട്ടില്ല. എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തതുമായി ബന്ധപ്പെട്ട് നേമം പോലീസ് കേസെടുത്തു.