ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്, ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
തെങ്‌നൗപാൽ ജില്ലയിലെ അതിർത്തി പട്ടണത്തിൽ ജനുവരി 2ന് കനത്ത വെടിവയ്പ്പിന് സാക്ഷ്യം വഹിച്ചിരുന്നു, അതിൽ ഒരു ബിഎസ്എഫ് ജവാൻ ഉൾപ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവരെ പിന്നീട് വിമാനമാർഗം ഇംഫാലിലേക്ക് കൊണ്ടുപോയി. ഡിസംബർ 30 മുതൽ പലയിടത്തും ആക്രമണം അഴിച്ചുവിട്ടിരുന്നു.
മോറെയിലെ ആക്രമണത്തിൽ മ്യാൻമറിൽ നിന്നുള്ള കൂലിപ്പടയാളികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കഴിഞ്ഞ ആഴ്‌ച അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. നേരത്തെ പുതുവർഷത്തിലും മണിപ്പൂരിൽ സമാനമായ രീതിയിൽ ആക്രമണം ഉണ്ടാവുകയും നാല് പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിരുന്നു.
ഞായറാഴ്‌ച വൈകുന്നേരം മലനിരകളിൽ നിന്ന് ഇറങ്ങിവന്ന തീവ്രവാദികൾ സംസ്ഥാന പോലീസ് സേനയ്ക്ക് നേരെ ആക്രമണം നടത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറുപടിയായി, സുരക്ഷാ സേന തിരിച്ചടിച്ചതോടെ, ഇത് നീണ്ട വെടിവയ്പ്പിലേക്ക് നയിക്കുകയായിരുന്നു.
അസം റൈഫിൾ, ബിഎസ്എഫ്, സംസ്ഥാന പോലീസ് കമാൻഡോകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകൾ ചേർന്നാണ് ആക്രമണത്തിന് തിരിച്ചടി നൽകിയത്. നേരത്തെ ജനുവരി 2നും തെങ്‌നൗപാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിർത്തി പട്ടണമായ മോറെയിൽ സമാനമായ രീതിയിൽ വെടിവയ്‌പ്പ് ഉണ്ടായിരുന്നു.
മണിപ്പൂരിലെ ക്രമസമാധാന നില റിപ്പോർട്ട് ചെയ്‌ത മാധ്യമപ്രവർത്തകന് എതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രാദേശിക ഭാഷാ ദിനപത്രമായ ഹ്യുയെന്‍ ലാന്‍പാവോ പത്രത്തിന്റെ എഡിറ്ററായ ദനാബിര്‍ മയ്ബാം വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മോറെയിൽ നടന്ന ഏറ്റമുട്ടലുകളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ചതിനാണ് പോലീസ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 31 മുതൽ മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചും, കൊല്ലപ്പെട്ട ഡിവിഷണല്‍ പോലീസ് ഓഫീസറുടെ മരണത്തെ കുറിച്ചും, ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതുമൊക്കെ മയ്ബാം റിപ്പോർട്ട് ചെയ്‌തിരുന്നു എന്നാണ് സൂചന. ജനുവരി അഞ്ചിന് അറസ്‌റ്റ് ചെയ്യപ്പെട്ട മയ്ബം മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ കഴിയുകയാണ്.