Home-bannerKeralaNews

ശബരിമല വിധിയെ പിന്തുണച്ചു,ജഡ്ജിയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്,വൈകാരികമായ കുറിപ്പുമായി സി.ജെ.എം എസ്.സുദീപ്‌

കൊച്ചി:ഫേസ്ബുക്കിലെ എഴുത്തിന്റെ പേരില്‍ തനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെതിരെ വിമര്‍ശന കുറിപ്പുമായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്. ശബരിമല യുവതീ പ്രവേശന വിധിയടക്കമുള്ള സംഭവങ്ങളില്‍ വിവാദപരവും അതിലോലവുമായ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് സുദീപിനെതിരായ ആരോപണം.

എന്നാല്‍ കോടതി വിധി, നിയമവാഴ്ച എന്നിവയെ താന്‍ പിന്തുണച്ചത് എങ്ങനെയാണ് വിവാദപരവും ലോലവുമാകുകയെന്ന് സുദീപ് ചോദിക്കുന്നു.‘നിയമവാഴ്ച്ച എന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യമാണ്. അതിനെ പിന്തുണയ്ക്കുന്നത് വിവാദപരവും അതിലോലവും ആണെന്ന വാദം ഭരണഘടനയ്ക്ക് എതിരാണ്,’ സുദീപ് പറഞ്ഞു.

രാജിക്കത്ത് എൻ്റെ കീശയിൽ തന്നെയുണ്ട്, എപ്പോൾ വേണമെങ്കിലും തരാം.

കോടതിവിധിയെയും നിയമവാഴ്ച്ചയെയും പരസ്യമായി പിന്തുണച്ച് ഫെയ്സ്ബുക്കിൽ എഴുതി എന്ന എൻക്വയറി റിപ്പോർട്ട് സ്വീകരിച്ച്, ജോലിയിൽ നിന്നു പിരിച്ചുവിടാൻ തീരുമാനിച്ചുള്ള നോട്ടീസ് കഴിഞ്ഞ വർഷം കിട്ടുന്നതിനു മുമ്പും ശേഷവും, സ്വയവും മകൾ മുതൽ പലരും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്:

ഫെയ്സ്ബുക്കിൽ എന്തിനാണ് എഴുതുന്നത്? എന്തു പ്രയോജനം? ആർക്ക്?

ചിലർ പുച്ഛത്തോടെയും മറ്റു ചിലർ എൻ്റെ ഭാവിയെച്ചൊല്ലിയുള്ള ഉത്കണ്ഠയാലും വേറെ ചിലർ വെറുപ്പോടെയും ചോദിക്കുന്നു എന്നു മാത്രം.

ഒരു വാക്കിലോ വരിയിലോ പോസ്റ്റിലോ നേരിട്ടോ പറഞ്ഞാലൊന്നും പലരെയും, ഒരുപക്ഷേ ആരെയും ബോദ്ധ്യപ്പെടുത്താൻ കഴിയില്ല.

പറയാതെ അറിയേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമൊന്നുമില്ല.

എന്നാലും ഞാൻ എന്നെത്തന്നെ സ്വയം ബോദ്ധ്യപ്പെടുത്തേണ്ടതായിട്ടുണ്ടല്ലോ…

എന്തിനാണ് എഴുതുന്നത് എന്നു സ്വയം ചോദിച്ചു നോക്കുകയാണ്.

ഉത്തരം നൽകും മുമ്പ് മറ്റൊരു ചോദ്യം ചോദിക്കട്ടെ:

മ്യാൻമറിലെ പട്ടാളഭരണം അവസാനിപ്പിക്കണമെന്ന് മാതൃഭൂമി പത്രം മുഖപ്രസംഗം എഴുതുന്നതെന്തിനാണ്?

മ്യാൻമറിലെ ഭരണകൂടവും ജനതയും മാതൃഭൂമി വായിക്കുന്നുണ്ടോ? ഇന്ത്യൻ പ്രധാനമന്ത്രിയും വായിക്കുന്നില്ല. വായിക്കുന്ന മലയാളിക്കാവട്ടെ മ്യാൻമറിൽ വോട്ടില്ല താനും. പിന്നെ എന്തിനാണ് ആ കടലാസ് പാഴാക്കിക്കളയുന്നത്?

സ്വന്തം നിലപാടിൻ്റെ പ്രഖ്യാപനമാണത്.

അതു കേൾക്കാനും വായിക്കാനും പിന്തുടരാനും ലോകം മുഴുവനും ഉണ്ടാകണമെന്നില്ല.

പ്രഖ്യാപനങ്ങൾ ആത്മത്തോടു കൂടിയാണ്. അവനവനോടു തന്നെയുള്ള ഓർമ്മപ്പെടുത്തലുകളാണ്. സ്വയം ബോദ്ധ്യപ്പെടുത്തലുകളാണ്.

പൂർണ്ണനേയല്ലാത്ത, തെറ്റുകൾക്ക് അതീതനല്ലാത്ത ഞാൻ ഇങ്ങനെയൊക്കെയാവണം എന്ന് എന്നോടുതന്നെ പറയുകയാണ്. സ്വയം നവീകരിക്കാനും തിരുത്താനുമുള്ള ശ്രമങ്ങളാണ് ഓരോ എഴുത്തും. അതുകൊണ്ടുതന്നെയാവാം എന്നും എഴുതാൻ ശ്രമിക്കുന്നതും.

അപ്പോൾ മറ്റുള്ളവർക്കു വേണ്ടിയേ അല്ല എന്നാണോ?

എങ്കിൽ പിന്നെ എഴുത്തിനെ പൊതുഇടത്തിൽ പ്രദർശിപ്പിക്കേണ്ട ആവശ്യം വരുന്നതേയില്ല. ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ അവരോടു കൂടിയാണ്. മ്യാൻമറിലെ പട്ടാളവാഴ്ച്ച തെറ്റാണെന്നു മാതൃഭൂമി പറയുന്നത് ജനായത്തത്തെ പുച്ഛിക്കുകയും പട്ടാളം മതി എന്ന് ഉറക്കെയും പതുക്കെയും ഉള്ളിലുമൊക്കെയായി പറയുന്ന ബോധ-അബോധ മനസുകളോടു കൂടിയാണ്.

അപ്പോൾ വിയോജിക്കാനുള്ള അവകാശം?

അവനവനെത്തന്നെ സോഷ്യൽ ഓഡിറ്റിംഗിനായി മറ്റുള്ളവരുടെ മുമ്പിൽ സമർപ്പിക്കുന്ന പ്രക്രിയ കൂടിയാണ് എഴുത്തുകൾ. വിയോജിക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്. മാന്യമായിരിക്കണം വിമർശനങ്ങൾ എന്നു മാത്രം.

എഴുതുന്ന ഓരോ വാക്കും വരിയും വരികൾക്കിടയും കർശനവും നിരന്തരവുമായ ഓഡിറ്റിംഗിനു വിധേയമാകുന്ന ഒന്നാണ് സൈബർ ഇടം. പോയ കാല ജീവിതങ്ങളിൽ അറിഞ്ഞും അറിയാതെയും ഉപയോഗിച്ചതും തുടരുന്നതുമായ പല വാക്കുകളും പ്രയോഗങ്ങളും തെറ്റാണെന്ന് എന്നെ ഓർമ്മിപ്പിച്ച, ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന പലരുമുണ്ട്.

നേരത്തേ പറഞ്ഞതുപോലെ സ്വയം നവീകരിക്കാനുള്ള നിരന്തരവും ആത്മാർത്ഥവുമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണത്. അക്കൂട്ടത്തിൽ മറ്റാരെങ്കിലും കൂടി നവീകരിക്കപ്പെടുന്നു എങ്കിൽ ചാരിതാർത്ഥ്യത്തിൻ്റെ ഒരു തുള്ളി. അതെ, സ്വന്തം നിലപാടുതറയിലെ ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും, ആത്മത്തോടും അപരനോടും കൂടിയാണ്.

ശരി, അതിന് ഫെയ്സ്ബുക്കിൽ തന്നെ എഴുതണം എന്നുണ്ടോ? അച്ചടിയിലും ആകാമല്ലോ?

തീർത്തും വൈയക്തികമായ, ചിലപ്പോൾ അല്ലാത്തതുമായ ചെറിയ കാര്യങ്ങളും സെലിബ്രിറ്റിയല്ലാത്ത ഒരാളുമാണ്. ചെറിയ കാര്യങ്ങളുടെ വലിയ ഇടമാണിത്. വാരിക അല്ലെങ്കിൽ പുസ്തകം അച്ചടിക്കുന്നവരുടെ ഔദാര്യമോ അവ വാങ്ങുന്നവൻ്റെ പണം നമ്മളായി നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്കയും ഏതുമേ വേണ്ടാത്ത ഒരിടം. മാതൃഭൂമി അവരുടെ വരിക്കാരിൽ മാത്രം ഒതുങ്ങുമ്പോൾ സൈബർ ഇടത്തിന് പരിധികളുമില്ല.

അപ്പോൾ ഇരുപതുകളിൽ അച്ചടിയിൽ എഴുതിയിരുന്ന ആളല്ലേ?

അതെ. അല്പം കൂടി ദീർഘമായ എഴുത്തുകളോ പണം വേണ്ടിവരുന്ന സന്ദർഭങ്ങളോ ഇനിയും അതിനൊക്കെ പ്രേരിപ്പിച്ചെന്നു വന്നെന്നിരിക്കും.

കൂടെപ്പിറന്ന മറ്റൊരാൾ എഴുതി, വരുമാനവും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ഒക്കെ കൊണ്ടുവരികയും ജോലിയിൽ തുടരുകയും ചെയ്യുമ്പോൾ, ഞാൻ എഴുതിയെന്ന കാരണത്താൽ മെമ്മോകളും പിരിച്ചുവിടൽ നോട്ടീസും മാത്രം നിരന്തരം വീട്ടിലേയ്ക്കു കൊണ്ടുവരികയും അർഹമായ ജില്ലാ ജഡ്ജി പദവും ഒടുവിൽ ഉള്ള ജോലിയും കൂടി നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്നല്ലേ?

പൂർണ്ണമായി അംഗീകരിക്കുന്നു.

എന്തെഴുതിയതിനാണ് എനിക്കു കഴിഞ്ഞ വർഷം പിരിച്ചുവിടൽ നോട്ടീസ് തന്നത്?

എനിക്കെതിരെ പരാതി നൽകിയിരുന്നത് ഒരു സംഘടനക്കാരാണ്. കൂടാതെ ഹൈക്കോടതി സ്വയം കണ്ടെത്തിയ ഒരു കാര്യവും ഉണ്ടായിരുന്നു. എല്ലാം എഫ് ബി എഴുത്തുകളെ അടിസ്ഥാനമാക്കി തന്നെ.

ഒരു സീനിയർ ജില്ലാ ജഡ്ജി ആയിരുന്നു എൻക്വയറി ഓഫീസർ. അദ്ദേഹം തെളിവെടുത്ത് റിപ്പോർട്ടും നൽകി.

ചാർജും കണ്ടെത്തലുകളും താഴെ പറയും പ്രകാരമാണ്:

ചാർജ് 1: 23.7.2017 ൽ ഞാൻ കർക്കടകവാവുമായി ബന്ധപ്പെട്ട ചടങ്ങുകളെ അവഹേളിച്ചു പോസ്റ്റ് ഇടുകയും അതുവഴി മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തു.

കണ്ടെത്തൽ: പോസ്റ്റിൽ മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നുമില്ല. ആത്മപരിശോധന മാത്രമായ പോസ്റ്റാണത്.

ചാർജ് 2: 11.10.2018 ൽ ശബരിമല അയ്യപ്പൻ്റെ ബ്രഹ്മചര്യത്തെ എതിരായി പരാമർശിച്ച് ഞാൻ അവഹേളനപരമായ പോസ്റ്റ് ഇട്ടു.

കണ്ടെത്തൽ: പോസ്റ്റ്, തെളിഞ്ഞോ ഒളിഞ്ഞോ, അയ്യപ്പൻ്റെ ബ്രഹ്മചര്യത്തെ പരാമർശിക്കുന്നു എന്നു കരുതാൻ യാതൊന്നുമില്ല.

ചാർജ് 3: 18.10.18 ൽ ഒന്നാം ശബരിമല വിധിയെ അഭിനന്ദിക്കുന്നു എന്ന വ്യാജേന ഞാൻ അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ഇട്ടു.

കണ്ടെത്തൽ: ആരോപണം ശരിയല്ല, സുപ്രീം കോടതി വിധിയെയും നിയമവാഴ്ച്ചയെയും പിന്തുണക്കുന്ന, ഉയർത്തിപ്പിടിക്കുന്ന പോസ്റ്റ് ആണത്.

ചാർജ് 4: 26.2.19 ൽ ഫ്ലക്സ് വിഷയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച വിധിയെ വളച്ചൊടിച്ച് ഞാൻ പോസ്റ്റ് ഇട്ടു.

കണ്ടെത്തൽ: ഹൈക്കോടതി വിധിയെ ഞാൻ വളച്ചൊടിക്കുകയോ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല.

ചാർജ് 5: മുൻ പറഞ്ഞ ചാർജുകൾക്ക് ആധാരമായ നാല് എഫ് ബി പോസ്റ്റുകൾ ഗവൺമെൻ്റ് സർവൻ്റ്സ് കോൺഡക്റ്റ് റൂൾസ്, 31.1.17 ലെ ഗവൺമെൻ്റ് സർക്കുലർ, 15.12.17 ലെ ഹൈക്കോടതി സർക്കുലർ എന്നിവയുടെ ലംഘനമാണ്.

കണ്ടെത്തൽ: ഗവൺമെൻ്റ് സർവൻ്റ്സ് കോൺഡക്റ്റ് റൂൾസ്, 31.1.17 ലെ ഗവൺമെൻ്റ് സർക്കുലർ എന്നിവ ലംഘിച്ചിട്ടില്ല. യഥാർത്ഥത്തിൽ സർക്കാർ നടപടികളെ പിന്തുണയ്ക്കുകയാണു ചെയ്തത്. എന്നാൽ വിവാദപരവും അതിലോലവുമായ (Controversial and sensitive) കാര്യങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കരുതെന്ന 15.12.17 ലെ ഹൈക്കോടതി സർക്കുലറിൻ്റെ ലംഘനമാണ് രണ്ടും മൂന്നും നാലും ചാർജുകളിലെ പോസ്റ്റുകൾ.

എൻക്വയറി റിപ്പോർട്ട് ഹൈക്കോടതി അതേപടി അംഗീകരിച്ചു.

എന്നിട്ട് എന്നോട് വിശദീകരണം ചോദിച്ചു.

കോടതി വിധി, നിയമവാഴ്ച്ച എന്നിവയെ ഞാൻ പിന്തുണച്ചത് എങ്ങനെയാണ് വിവാദപരവും ലോലവും ആവുക?

ഇന്ത്യൻ പൗരനായ ഞാൻ കോടതി വിധികളെയും നിയമവാഴ്ച്ചയെയും പിന്തുണയ്ക്കാൻ ബാദ്ധ്യസ്ഥൻ തന്നെയാണ്. ആ പിന്തുണ പരസ്യമായി പ്രഖ്യാപിക്കരുതെന്നു പറയാൻ ആർക്കാണു കഴിയുക?

വിവാദപരം, ലോലം എന്നിവ എന്താണെന്നു നിർവചിക്കാത്ത ഹൈക്കോടതി സർക്കുലർ അവ്യക്തമാണെന്നിരിക്കെ, ഒരു സംഗതി വിവാദപരവും ലോലവും ആണോ എന്നത് ആപേക്ഷികവുമാണ്.

കശ്മീർ ചിലർക്കെങ്കിലും വിവാദപരം ആയിരിക്കാം, എനിക്കല്ല. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീർ എന്നു ഞാൻ പറഞ്ഞാൽ അത് വിവാദപരം അല്ല തന്നെ. മറിച്ചു പറഞ്ഞാൽ അത് സംശയലേശമന്യേ വിവാദപരം തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധിജി വിവാദപുരുഷനല്ല. എന്നാൽ ചിലർ അദ്ദേഹത്തെ അപ്രകാരം ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടാവാം. അധമന്മാരായ അവർക്ക് ഗോഡ്സെ വീരനായകനായിരിക്കാം. ഞാൻ ഗാന്ധിവധത്തെയും നീചനായ ഗോഡ്സെയെയും പ്രകീർത്തിച്ചാൽ അത് വിവാദപരം എന്നതിൽ സംശയം വേണ്ട. മറിച്ച് ഞാൻ ഗാന്ധി വധത്തെ അപലപിക്കുകയും ഗോഡ്സെ വെറുക്കപ്പെടേണ്ട നീചനാണെന്നു പറയുകയും ചെയ്താൽ എങ്ങനെയാണത് വിവാദപരം ആവുക?

അതേ പോലെ തന്നെയാണ് കോടതിവിധികളും നിയമവാഴ്ച്ചയും. അവയെ ഞാൻ പരസ്യമായി പിന്തുണയ്ക്കാൻ ആരെ ഭയക്കണം? ഞാൻ അപ്രകാരം ചെയ്താൽ അത് വിവാദപരമല്ല.

കോടതിവിധികളും നിയമവാഴ്ച്ചയും ദൃഢതയുള്ളവയാണ്, ആയിരിക്കണം. അവയെങ്ങനെയാണ് അതിലോല തൊട്ടാവാടികളാവുക?

മുൻ പറഞ്ഞ വിശദീകരണങ്ങൾ തള്ളുകയും, എൻ്റെ മേൽ കൂടിയ ശിക്ഷ (Major penalty) ചുമത്താനും തുടർന്ന് പിരിച്ചുവിടാനുമുള്ള നോട്ടീസ് നൽകുകയും ചെയ്തു.

തുടർന്നത് മൂന്ന് ഇൻക്രിമെൻ്റുകൾ തടയാനുള്ള തീരുമാനമായി സർക്കാർ അംഗീകാരത്തിന് അയച്ചതായി പറഞ്ഞു കേൾക്കുന്നു.

ഒന്നോ മൂന്നോ ഇൻക്രിമെൻ്റുകളോ ജോലി തന്നെയോ നഷ്ടപ്പെടുന്നതല്ല ഇക്കാര്യത്തിൽ എന്നെ അലട്ടുന്നത്. മറിച്ച് ഒരു ഇന്ത്യാക്കാരൻ, നിലനിൽക്കുന്ന കോടതിവിധികളെയും നിയമവാഴ്ച്ചയെയും പരസ്യമായി പിന്തുണക്കുന്നത് വിവാദപരവും ലോലവും ആണെന്ന കണ്ടെത്തലാണ്. ആ കണ്ടെത്തൽ നടത്തിയത് ഭരണഘടനാ സ്ഥാപനമായ ബഹുമാനപ്പെട്ട ഹൈക്കോടതിയാണ് എന്നത് അതീവഗൗരവമുള്ള ഒരു വിഷയമായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു.

നിയമവാഴ്ച്ച എന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യമാണ്. അതിനെ പിന്തുണയ്ക്കുന്നത് വിവാദപരവും അതിലോലവും ആണെന്ന വാദം ഭരണഘടനയ്ക്ക് എതിരാണ്.

കോടതി വിധി, നിയമവാഴ്ച്ച, ഭരണഘടന എന്നിവയെ പരസ്യമായി പിന്തുണച്ച ഒരു ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കിൽ ഇവിടെ സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും എന്നത് അങ്ങേയറ്റം ആകുലപ്പെടുത്തുന്ന ഒന്നാണ്. നാളെ എന്താവും എന്നത് അതിലുമേറെ ആശങ്കയുണ്ടാക്കുന്നതുമാണ്.

കോടതി വിധി, നിയമവാഴ്ച്ച എന്നിവയെ പിന്തുണച്ച് എഴുതിയതി എന്ന കൃത്യമായ കണ്ടെത്തലിൽ ഞാൻ ശിക്ഷിക്കപ്പെട്ടെങ്കിൽ, ആര് എന്തെഴുതിയാലും എന്തു വേണമെങ്കിലും സംഭവിക്കാം എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് ഞാൻ എഴുതുന്നത്.

ഞാൻ പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിനാണു മറുപടി പറയുന്നത്. നിയമവാഴ്ച്ചയെ പിന്തുണച്ചതിനു ശിക്ഷിക്കപ്പെട്ടെന്ന കാരണത്താൽ ഭയന്ന് നിശബ്ദനാവുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണ് എന്നു കരുതുന്ന നിങ്ങളിൽ ഒരാളാണു ഞാനും.

ആ നിങ്ങളാണ്, നിങ്ങളുടെ പ്രോത്സാഹനങ്ങളാണ് എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നതെന്നും ജോലി നഷ്ടമാകുമ്പോൾ നിങ്ങളാരും ഉണ്ടാവില്ലെന്നും എന്നെ നിരന്തരം ഓർമ്മിപ്പിക്കുന്നവരാണ് എന്നും എപ്പോഴും.

ആരും ആർക്കും ഒരിടത്തിലും നിരുപാധികമായ പിന്തുണ എന്നൊന്നില്ല. ഈ തെരഞ്ഞെടുപ്പിൽ ജയിച്ച 140 പേരും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാത്തതും സൂപ്പർസ്റ്റാറുകളുടെ എല്ലാ ചിത്രങ്ങളും ഹിറ്റുകളാകാത്തതും അതുകൊണ്ടാണ്. നിലപാടുകൾക്കാണ് പിന്തുണ, കാമ്പിനാണ് ആരാധകർ.

സൈബർ ഇടങ്ങളിൽ വായിച്ചാലും വായിച്ചാലും തീരാത്തത്ര എഴുത്തുകളുണ്ട്. പ്രിയപ്പെട്ട ഒരാൾ എഴുത്തു നിർത്തിയതു പോലും നമ്മൾ അറിയാതെ പോകും. പിന്നെ ഒരിക്കൽ അയാളുടെ ഒരു പോസ്റ്റ് കാണുമ്പോൾ മാത്രമാവും നമ്മൾ അയാളെ ഓർക്കുന്നതു തന്നെ.

എനിക്കായിരുന്നു പിന്തുണയെങ്കിൽ എൻ്റെ പോസ്റ്റുകൾക്ക് ഏറ്റക്കുറച്ചിലില്ലാത്ത വായനക്കാർ ഉണ്ടാകുമായിരുന്നു. എനിക്കല്ല പിന്തുണയെന്ന ഉത്തമബോദ്ധ്യം ഉണ്ട്.

രാജിവച്ച് എഴുതിക്കൂടെ എന്ന് പുച്ഛത്തിൽ ചോദിക്കുന്ന ഒരുപാടു പേരും അല്ലാതെ ചോദിക്കുന്ന വിരലിലെണ്ണാവുന്നവരുമുണ്ട്.

ഞാനൊരു കഥാകൃത്തോ നോവലിസ്റ്റോ ഒന്നുമല്ല. കെ ആർ മീരയ്ക്ക് എഴുതാൻ മാത്രമായി മനോരമയിൽ നിന്നു രാജി വയ്ക്കാം. എം കൃഷ്ണൻ നായർ ചോദിച്ചതു പോലെ നക്ഷത്രമെവിടെ, പുൽക്കൊടിയെവിടെ?

രാജിവയ്ക്കുമ്പോൾ അത് എഴുതി ജീവിക്കാമെന്ന ആത്മവിശ്വാസത്തിലല്ല. നീതിന്യായ വ്യവസ്ഥയിൽ എനിക്കുള്ള വിശ്വാസം നൂറു ശതമാനവും നഷ്ടപ്പെടുന്ന നിമിഷം രാജി വയ്ക്കുക തന്നെ ചെയ്യും. വലിയ ഈ ശമ്പളം മാത്രം മതി എന്ന ചിന്ത ആത്മനിന്ദയ്ക്കു കാരണമാകുന്ന ഒന്നാണ്.

ജില്ലാ ജഡ്ജി ആകാൻ പിടിച്ചു നിന്നു കൂടേ എന്നു ചോദിക്കുന്നവരുണ്ട്.

2017, 2018 കാലങ്ങളിൽ എഴുതിയതും മുൻ പറഞ്ഞതുമായ പോസ്റ്റുകൾക്കെതിരെ ഒരു സംഘടന പരാതി നൽകിയത് അതതു വർഷങ്ങളിൽ തന്നെയാണ്.

നിലവിൽ ജില്ലാ ജഡ്ജിയായി പ്രമോഷന് ഇൻ്റർവ്യു ഉണ്ട്. 2.2.2019 ൽ ആയിരുന്നു എന്നെ ആദ്യം ഇൻ്റർവ്യൂ ചെയ്തത്. ഞാനടക്കം അവസാന അഞ്ചു പേരെ ജില്ലാ ജഡ്ജിമാരായി നിയമിക്കാതെ മാറ്റി നിർത്തി. നാളിതുവരെ കാരണം അറിയിച്ചിട്ടുമില്ല.

ഫ്ലക്സ് ജഡ്ജ്മെൻ്റ് പോസ്റ്റ് ഞാനിട്ടത് 2.3.19 ൽ.

15.7.19 ൽ വീണ്ടും ജില്ലാ ജഡ്ജി ഇൻ്റർവ്യു. കൃത്യം അതിൻ്റെ പിറ്റേന്ന് 16.7.19 ൽ മുൻ പറഞ്ഞ എൻക്വയറിക്ക് അടിസ്ഥാനമായ ചാർജ് എനിക്കു തന്നു.

ഇൻ്റർവ്യുവിനു ശേഷം ഞാനൊഴിച്ച് നാലുപേരെയും ജില്ലാ ജഡ്ജിമാരാക്കി. എന്നെ ഫലം അറിയിച്ചിട്ടുമില്ല.

എൻക്വയറി തുടങ്ങിയത് 2019 ഡിസംബറിൽ. 2020 മാർച്ച് ആദ്യവാരം റിപ്പോർട്ടും നൽകി. അന്തിമ നടപടി എന്താണെന്നും ഔദ്യോഗികമായി എന്നെ അറിയിച്ചിട്ടില്ല.

എൻ്റെ താഴെയുള്ള അമ്പതു പേർ ജില്ലാ ജഡ്ജിമാരായി.

ടേം തികയും മുമ്പേ എന്നെ തൊടുപുഴയിൽ നിന്നും മാറ്റി.

അപ്പോൾ എനിക്കു നൽകിയ ആകെ ശിക്ഷകളുടെ എണ്ണം എത്ര?

നിയമവാഴ്ച്ചയെ തള്ളിപ്പറഞ്ഞുള്ള ജില്ലാ ജഡ്ജി പദം എനിക്കു വേണ്ട.

എൻ്റെ അച്ഛനമ്മമാർ ഇരുവരും ഹൈസ്കൂൾ അദ്ധ്യാപകരായിരുന്നു. ദൂരെ സ്കൂളിലേയ്ക്കു കിട്ടിയപ്പോൾ അച്ഛൻ ഹെഡ്മാസ്റ്റർ പദവി വേണ്ടെന്നു വച്ചു, രണ്ടു തവണ. അമ്മ തൊട്ടടുത്ത പ്രൈവറ്റ് സ്കൂളിലെ ശീതസമരങ്ങളിൽ പങ്കാളിയാവാൻ താല്പര്യപ്പെടാതെ മൂന്നുവർഷത്തെ പ്രധാനാദ്ധ്യാപിക ടേം ഉപേക്ഷിച്ചു.

ചേച്ചി മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റൻ്റായി ഒരുപാടു വർഷങ്ങൾക്കു ശേഷം അന്തർ-സർവകലാശാലാ സ്ഥലംമാറ്റം വാങ്ങി സീനിയോറിറ്റി നഷ്ടപ്പെടുത്തി ഏറ്റവും ജൂനിയറായി കുസാറ്റിലെത്തിയത് മകന് അച്ഛൻ്റെ സാമീപ്യം കിട്ടാനായിരുന്നു.

നാലാമത്തെ ആൾ ഉദ്യോഗക്കയറ്റം വേണ്ടെന്നു വച്ചത് നിയമവാഴ്ച്ചയെ പിന്തുണച്ച എഴുത്തിലൂടെയാണെന്നു മാത്രം.

സർവീസിൻ്റെ പത്തൊമ്പതാം വർഷത്തിൽ, സ്വയം വിരമിക്കലിന് അർഹതയില്ലാതെ, പെൻഷൻ ഇല്ലാതെ പുറത്തു പോകുമ്പോൾ എന്താണു സമ്പാദ്യം, എന്താണു വരുമാനം എന്ന ചോദ്യങ്ങൾ വിരലിലെണ്ണാവുന്നവർ ആകുലതയോടെ നിരന്തരം ചോദിക്കും.

ഒരു സെൻ്റ് വസ്തുവോ വീടോ സ്വന്തമായി ഇല്ല. അമ്മയുടെ പത്തു സെൻ്റും നൂറ്റാണ്ടു പഴക്കമുള്ള ഒരു ചോരുന്ന വീടും അതിൽ നിറയെ പുസ്തകങ്ങളുമുണ്ട്.

അവിടെയിരുന്ന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും.

ആരെങ്കിലുമൊക്കെ അന്യായമോ പത്രികയോ അപ്പീലോ കരാറോ ആധാരമോ ഒക്കെ തയ്യാറാക്കി നൽകാൻ പറഞ്ഞാൽ ചെയ്യും. ഇഷ്ടമുള്ള കാര്യമാണ് ലീഗൽ ഡ്രാഫ്റ്റിംഗ്.

എൽ എൽ എം ഇല്ല, പഠിപ്പിച്ചു പരിചയവും ഇല്ല. എന്നാലും സിവിൽ നിയമങ്ങൾ താല്പര്യം തന്നെ. ചരിത്രവും രാഷ്ട്രമീമാംസയും പഠിക്കാനും പഠിപ്പിക്കാനുമാണ് അതിലേറെ താല്പര്യം.

പ്രൂഫ് റീഡിംഗും ഇഷ്ടമാണ്. വരുമാനം ഇല്ലാതാകുന്ന അവസ്ഥയിൽ സൗജന്യമായി പുതിയ പുസ്തകങ്ങൾ വായിക്കാനുള്ള വഴി കൂടിയാണ്.

വക്കീലാകാമല്ലോ എന്ന ചോദ്യമുണ്ട്.

ഇരുപത്തിയേഴു വർഷം വക്കീലായും ജഡ്ജിയായും ഞാൻ ജീവിച്ച ഒരിടത്ത് എനിക്കുള്ള വിശ്വാസം നഷ്ടമായിട്ടാണ് ഞാൻ ഇറങ്ങിപ്പോരുന്നതെങ്കിൽ അതേ ഇടത്തേയ്ക്കു തന്നെ മടങ്ങുന്നതിൽ അർത്ഥമെന്തിരിക്കുന്നു?

പിണറായി വിജയൻ എനിക്ക് വലിയ ഓഫർ വച്ചിട്ടുണ്ടെന്ന ധൈര്യത്തിലാണ് ഞാൻ നിൽക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരാൾ നേരിൽ പറഞ്ഞു. നിങ്ങളെപ്പോലെ എനിക്കും പിണറായിയെ അറിയാം, പത്രത്തിലും ടി വി യിലും കണ്ടിട്ടുണ്ട്.

പിന്നെ ഇന്നിരിക്കുന്ന പോസ്റ്റിനെക്കാൾ വലിയതൊന്നും എനിക്കു കിട്ടാനുമില്ല.

സാറിന് പാർട്ടി സപ്പോർട്ട് തീർച്ചയായും ഉണ്ടാകുമല്ലോ എന്ന ചോദ്യവും സ്ഥിരം തന്നെ.

ഒരു പാർട്ടിക്കാരനെയും പാർട്ടി ഓഫീസും ഞാനിന്നോളം കണ്ടിട്ടില്ല. ഫോൺ വഴി സി പി എം തൊട്ട് ബി ജെ പിക്കാർ വരെ കുട്ടികളുടെ പഠനാവശ്യങ്ങൾക്കും മറ്റും ബന്ധപ്പെടാറുണ്ട്, ആവുന്നതു പോലെ ചെയ്തിട്ടുമുണ്ട്.

എൻ്റെ എഫ് ബി വലയത്തിൽ വലിയ ആൾക്കാരൊന്നുമില്ലെന്ന് പണ്ടൊരു ജില്ലാ ജഡ്ജി, എൻ്റെ എഴുത്തുകളെ വിമർശിക്കവേ, പുച്ഛത്തോടെ എന്നോടു പറഞ്ഞിരുന്നു.

ശരിയാണ്. ചെറിയ മനുഷ്യനായ എനിക്ക് ചെറിയവരുടെ സൗഹൃദം മതി. ചെറുതായാലും മനുഷ്യനായാൽ മതി. അതിൽ തൃപ്തനാണ്.

ഇറങ്ങിപ്പോരുമ്പോൾ ഖേദമുണ്ടോ എന്നു ചോദിച്ചാൽ…

തീർച്ചയായും. പുതിയ പുസ്തകങ്ങൾ ഇറങ്ങുമ്പോഴും സാമ്പത്തിക സഹായം അർഹിക്കുന്നവരെ കാണുമ്പോഴുമൊക്കെ ഞാൻ തീർച്ചയായും സങ്കടപ്പെടും…

ബാക്കിയാവുക ഞാനും എൻ്റെ നേരങ്ങളുമായിരിക്കും. അത് ഞാൻ മറ്റുള്ളവർക്കായും വായനയ്ക്കായും മാറ്റി വയ്ക്കുന്നു.

എപ്പോഴാണ് പുറത്തേയ്ക്ക് എന്നു ചോദിച്ചാൽ…

എനിക്ക് ഈ വ്യവസ്ഥിതിയിലെ വിശ്വാസം നൂറു ശതമാനവും ഇല്ലാതായി എന്നെനിക്കു പൂർണ്ണ ബോദ്ധ്യമാകുന്നുവോ ആ നിമിഷം. അതു നാളെയാകാം, അടുത്തയാഴ്ച്ചയാവാം, ഒരു മാസമോ വർഷമോ കഴിഞ്ഞാവാം…

ഇത്രയും കേട്ട ശേഷവും എന്നെയും എൻ്റെ മകളെയും ഒക്കെ ഓർത്ത് ആകുലപ്പെടുന്ന നിങ്ങൾ പിന്നെയും ചോദിക്കും…

എടുത്തു ചാടരുത്, ഒന്നുകൂടി ആലോചിച്ചിട്ട് പോരേ…?

പത്തൊമ്പതു വർഷത്തിലധികമൊക്കെ എങ്ങനെയാണ് ഒരു മനുഷ്യൻ ആലോചിക്കുക? ഇത്രയൊക്കെ പോരേ?

പണവും പദവിയുമാണു വലുതെങ്കിൽ, നിയമവാഴ്ച്ചയെയും ഒന്നാം ശബരിമലവിധി അടക്കമുള്ള കോടതി വിധികളെയും ഞാനിനി തലപോയാലും പിന്തുണക്കില്ലെന്നു സത്യം ചെയ്ത് തുടർന്നാൽ മതിയായിരുന്നു.

തിരിച്ച് ഒരു ചോദ്യം കൂടി…

ഒരാൾ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെന്തു പ്രയോജനം?

ഇത്രയും വായിച്ച ശേഷം സസ്പെൻഷൻ-പുറത്താക്കലുകൾ ആവശ്യങ്ങൾക്ക് വേഗം വളരെ കൂടുമെന്നറിയാം.

എന്തായാലും എന്നായാലും ഒരിക്കൽ ഇറങ്ങിപ്പോരേണ്ടതു തന്നെയാണ്.

ഇറങ്ങുമ്പോൾ ഒരാൾ മാത്രം പിന്തുടരും.

ആരാണത്?

ഞാൻ തന്നെ.

എന്നു വച്ചാൽ?

കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും എന്ന പാട്ട് മറുപടിയായി കേൾക്കും.

ഞാൻ കരയുന്നു എന്നാരു പറഞ്ഞു?

ഇല്ലേ?

ഇല്ല.

എന്തുകൊണ്ട്?

നിയമവാഴ്ച്ചയെ പിന്തുണച്ചു എന്ന കാരണത്താൽ ഒരാൾക്ക് ഈ പടിയിറങ്ങിപ്പോകേണ്ടി വന്നതിൽ ഖേദിക്കേണ്ടതും തലകുനിക്കേണ്ടതും ഞാനല്ലല്ലോ. തല ഉയർത്തിത്തന്നെ പിടിക്കുന്നുണ്ട്.

ഇനി?

എൻ്റെയല്ലെൻ്റെയല്ലീ കൊമ്പനാനകൾ പതിവുപോലെ ഒന്നുകൂടി കേൾക്കണം.

നിർത്തുന്നില്ല,

തുടങ്ങുകയാണ്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button