തിരുവനന്തപുരം:അച്ഛനണിഞ്ഞത് പോലീസ് യൂണിഫോം, മകൾ ഒരുപടികടന്ന് സിവിൽ സർവീസിൽ. തിരുവനന്തപുരം കാര്യവട്ടം സ്വദേശിനി മിന്നുവിന്റെ സിവിൽ സർവീസ് കഥയാണിത്. കാര്യവട്ടം തുണ്ടത്തിൽ ജെ.ഡി.എസ്. വില്ലയിൽ പി.എം. മിന്നു. വഴുതക്കാട് പോലീസ് ആസ്ഥാനത്തെ ക്ലാർക്കാണ് മിന്നു. ഈ റാങ്ക് നേട്ടം സമർപ്പിക്കുന്നത് സർവീസിലിരിക്കെ മരിച്ച പോലീസുകാരനായ അച്ഛൻ പോൾരാജിന്റെ ഓർമകൾക്കുമുന്നിലാണ്.
ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മിന്നു 2013ലാണ് പോലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. അച്ഛന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിരുന്നു. അച്ഛൻ പോലീസിലായിരുന്ന കാലത്തൊക്കെ ഐപിഎസ്സുകാരെയും സിവിൽ സർവീസുകാരെയും പറ്റിയുള്ള കാര്യങ്ങൾ കേട്ടാണ് മിന്നു വളർന്നത്.
എന്നാൽ അച്ഛന്റെ മരണശേഷം പോലീസ് ആസ്ഥാനത്തെ ജോലിക്കിടെ നിരവധി പോലീസുദ്യോഗസ്ഥരെ നേരിൽ കണ്ടതോടെ സിവിൽ സർവീസ് മോഹം പതിയെ തളിരിടുകയായിരുന്നു. അങ്ങനെ 2016 ൽ ആദ്യത്തെ പരിശ്രമം നടത്തി. നിരാശയായിരുന്നു ഫലം. പിന്നീട് 2017ലും 18ലും പരാജയം സമ്മതിക്കാതെ വീണ്ടും പരീക്ഷയെഴുതി. ഒബിസി കാറ്റഗറിയിലായിരുന്നതിനാൽ കൂടുതൽ തവണ പരീക്ഷ എഴുതാൻ അവസരങ്ങളുണ്ടായിരുന്നു. അങ്ങനെ 2020 വരെ തുടർച്ചയായി പരീക്ഷ എഴുതി.
ഇതിനിടെ വിവാഹിതയും അമ്മയുമായി. രണ്ടുതവണ അഭിമുഖ പരീക്ഷവരെ എത്തി പിന്മാറേണ്ടി വന്നു. രണ്ടുതവണ പ്രിലിമിനറി പോലും കയറിപ്പറ്റാത്ത അവസ്ഥയുണ്ടായി. എന്നിട്ടും തളരാതെ പൊരുതി നേടിയതാണ് ഈ വിജയം. ആറാമത്തെ പരിശ്രമത്തിൽ 150-ാം റാങ്കാണ് മിന്നുവിന് ലഭിച്ചത്. ഒബിസി കാറ്റഗറി ആയതിനാൽ ചിലപ്പോൾ ഐഎഎസ് തന്നെ കിട്ടിയേക്കും.
പോലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്നുവെങ്കിലും അഡ്മിനിസ്ട്രേഷൻ ജോലികളായിരുന്നതിനാൽ യൂണിഫോം അണിയേണ്ടി വന്നിട്ടില്ല. പോലീസിലായിരുന്നപ്പോഴും പോലീസ് ജോലികളേക്കാൾ ഭരണപരമായ കാര്യങ്ങൾ ചെയ്തിരുന്നതിനാൽ ഐപിഎസിനേക്കാൾ ഐഎഎസ് ആണ് തനിക്ക് യോജിക്കുക എന്നാണ് മിന്നു കരുതുന്നത്.
അച്ഛന്റെ മരണത്തിന് ശേഷം ലഭിച്ച ജോലി ആയതിനാൽ സ്വന്തമായി പഠിച്ച് ജോലി നേടണമെന്നതായിരുന്നു ആഗ്രഹം. അച്ഛന്റെ സ്വപ്നവും. അത് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് മിന്നു. ഭർത്താവ് ജോഷി ഐ.എസ്.ആർ.ഒ.യിൽ ഉദ്യോഗസ്ഥനാണ്. മകൻ: ജർമിയ ജോൺ ജോഷി.