സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന ജാമ്യവ്യവസ്ഥ: ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റി

പട്ന:ബിഹാറിൽ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്താൻ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായ അവിനാഷ് കുമാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യൽ ജോലികളിൽ നിന്ന് വിട്ടുനിൽക്കാനാണ് നിർദേശം.

ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതിയുൾപ്പെടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങൾ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നൽകണമെന്ന നിർദേശത്തോടെയാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്. പ്രതിയായ ലാലൻ കുമാറിന് 20 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാൻ പ്രതി തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.

ബലാത്സംഗക്കേസിൽ കീഴ്ക്കോടതിയുടെ നിർദ്ദേശം വിവാദമായതിന് പിന്നാലെയാണ് ജഡ്ജിയെ മാറ്റിനിർത്താൻ ഹൈക്കോടതി നിർദേശിച്ചത്.

മുൻപും വ്യത്യസ്തമായ ശിക്ഷാവിധികൾ അവിനാഷ് കുമാർ പുറപ്പെടുവിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് സ്കൂൾ തുറന്നതിന് ഒരു അധ്യാപികയോട് ഫീസ് വാങ്ങാതെ ആറ് മാസം വിദ്യാർഥികളെ പഠിപ്പിക്കാനും നേരത്തെ അവിനാഷ് കുമാർ ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News