ഇടുക്കി: ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ ഷനവാസ് എം ജെ ആണ് പിടിയിലായത്. ഇയാളിൽ നിന്നും മയക്ക് മരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയെയും എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്നും 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
എറണാകുളം പെരുമ്പാവൂരിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശി നജറുൾ ഇസ്ലാം ലഹരിമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്ന് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള വിൽപ്പനയ്ക്കായി അസമിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.
പെരുമ്പാവൂർ അറയ്ക്കപ്പടി വാത്തിമറ്റത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിൽ വില്‍പ്പന നടത്താൻ അതിതീവ്ര ലഹരിമരുന്നായ ഹെറോയിനുമായി നിൽക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിമരുന്ന് കണ്ടെടുത്തിന് പിന്നാലെ പ്രതിയുടെ താമസ സ്ഥലത്തും എക്സൈസ് തെരച്ചിൽ നടത്തി.
തുടർന്നാണ് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തത്. ഓരോ കുപ്പി ഹെറോയിനും 2,000 മുതൽ 2,500 രൂപ വരെ വിലയ്ക്കാണ് പ്രതി വിറ്റിരുന്നത്. അസമിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന ഹെറോയിൻ കൂടിയ വിലയ്ക്കാണ് പ്രതി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് അഞ്ച് ലക്ഷം രൂപയോളം വില വരും. വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.