കൊച്ചി∙ ലൈംഗികാതിക്രമം ആരോപിച്ചുള്ള കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ അറസ്റ്റ് അറസ്റ്റ് പാടില്ലെന്നും നിർദ്ദേശം നൽകി. കൊയിലാണ്ടിയിൽ ക്യാംപിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിൽ അനുവദിച്ച മുൻകൂർ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിധിയും വിവാദ നിരീക്ഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ഹർജിക്കാരൻ ഹാജരാക്കിയതു പരിശോധിച്ച കോടതി, യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു വിലയിരുത്തിയതാണ് വിവാദമായത്. വസ്ത്രവുമായി ബന്ധപ്പെട്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ചു.
2020 ഫെബ്രുവരി എട്ടിനു നടന്ന സാംസ്കാരിക ക്യാംപിനു ശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ അവരെ കടന്നു പിടിച്ച് അതിക്രമം കാട്ടിയെന്നാണു പരാതി. 2022 ജൂലൈ 29 ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിജീവിതയെ വീണ്ടും മാനസികമായി മുറിവേൽപിക്കുന്ന പരാമർശങ്ങൾ സുപ്രീം കോടതിയുടെ ‘അപർണ ഭട്ട്’ കേസിലെ നിർദേശങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതിജീവിതരുടെ വസ്ത്രം, സ്വഭാവം, സദാചാരം തുടങ്ങിയവ വിധിയിൽ കടന്നു വരരുതെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാർഗ നിർദേശങ്ങൾ ലംഘിച്ചുള്ള കീഴ്ക്കോടതിയുടെ പരാമർശങ്ങൾ നിയമവിരുദ്ധവും അനുചിതവുമാണെന്നു ഹർജിയിൽ പറയുന്നു. പരാതിക്കാരിയും സമാന ആവശ്യത്തിനു കോടതിയിലെത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിൽപെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിലും സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നേരത്തേ അപ്പീൽ നൽകിയിരുന്നു.