മാന്നാർ: വീട്ടിലെ വൈദ്യുതി ചാർജ്ജ് അടയ്ക്കാതിരുന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സി. ഐ. ടി. യു പ്രാദേശിക നേതാവിനെ അറസ്റ്റു ചെയ്തു. മാന്നാർ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ ഉത്തമനെ(56) ആക്രമിച്ച കേസിൽ മാന്നാർ പാവൂക്കര തോലംപടവിൽ ടി. ജി. മനോജിനെയാണ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തത്. സി. ഐ. ടി. യു. മാന്നാർ ഏരിയ ജോ. സെക്രട്ടിയും സി. പി. എം. ലോക്കൽ കമ്മിറ്റിയംഗവും, കെ. എസ്. കെ. ടി. യു ജില്ലാ കമ്മിറ്റിയംഗവുമാണ് മനോജ്. എ. ഐ. ടി. യു. സി യൂണിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് മാസത്തെ വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാനുളളതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത്ത് എന്നിവർ മനോജിന്‍റെ വീട്ടിലെത്തുകയും വൈദ്യുതി ചാർജ്ജ അടയ്ക്കാത്തത് സൂചിപ്പിച്ചുകൊണ്ട് മീറ്ററിനടുത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്തത്. ഇത് കണ്ട മനോജ് ഓടിയെത്തി ഉത്തമന്‍റെ കൈപിടിച്ച് തിരിക്കുകയും മർദ്ദി ക്കുകയും ചെയ്തതായി പരാതിയിൽ ഉത്തമൻ പറയുന്നു. കൈയ്യിലിരുന്ന മൊബൈൽ ഫോൺ വാങ്ങി ഇയാൾ നിലത്തടിച്ചെന്നും ഉത്തമന്‍റെ പരാതിയിലുണ്ട്. വീട്ടിനുളളിൽ നിന്നും വെട്ടുകത്തിയെടുത്തുകൊണ്ട് മനോജ് അടുത്തേക്ക് എത്തിയപ്പൾ മൂവരും ഓടി രക്ഷപെടുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഉത്തമന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. വൈദ്യുതി ചാർജ് അടയ്ക്കുവാൻ മൂന്ന് തവണ ഫോണിൽ അറിയിച്ചിട്ടും അടയ്ക്കുവാൻ കൂട്ടാക്കാതിരുന്നതെ തുടർന്നാണ് ഫ്യൂസ് ഊരാൻ എത്തിയതെന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യുണിയന്റെ നേതൃത്വത്തിൽ മാന്നാറിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.