കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണത്തില്‍ അഴിമതിയെന്ന് സി.പി.ഐ.എം-സി.ഐ.ടി.യു നേതാക്കള്‍. കൊച്ചി സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ റേഷന്‍ കട തൊഴിലാളികള്‍ നടത്തിയ സമരത്തിലാണ് വിവിധ ജില്ലയില്‍ നിന്നുള്ള സിപിഐഎം നേതാക്കള്‍ കിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. സിപിഐഎം സംസ്ഥാന നേതാവ് കെ ചന്ദ്രന്‍ പിള്ളയുടെ സാനിധ്യത്തിലായിരുന്നു പ്രസംഗം.
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം വി സഞ്ജു, കണ്ണൂര്‍ സിപിഐഎം നേതാവ് ടി വി തമ്പാന്‍ എന്നീ നേതാക്കളുടേതായിരുന്നു ആരോപണം. സര്‍ക്കാരിന്റെ കിറ്റ് വിതരണത്തിലും ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്ന കിറ്റിലും അടിമുടി അഴിമതിയുണ്ടെന്നാണ് ഇരുവരുടെയും ആരോപണം. മുമ്പ് പ്രതിപക്ഷവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
റേഷന്‍ കട തൊഴിലാളികള്‍ക്ക് 11 മാസമായി സിവില്‍ സപ്ലൈസും സര്‍ക്കാരും നല്‍കാനുള്ള കമ്മിഷന്‍ കുടിശിക ആവശ്യപ്പെട്ട് സിഐടിയു സംഘടിപ്പിച്ച സമരത്തിലായിരുന്നു നേതാക്കളുടെ ഏറ്റുപറച്ചില്‍. സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണത്തിലെ വീഴ്ച്ചകള്‍ക്കെതിരെ സിപിഐഎമ്മിന്റെ തന്നെ തൊഴിലാളി സംഘടനയായ സിഐടിയു തന്നെ രംഗത്തെത്തുന്നതും ആദ്യമായാണ്.