കോട്ടയം: സിനിമാ-സീരിയല്‍ രംഗത്തെ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും വെബ്‌സൈറ്റുകളും വ്യാപകമാകുന്നു. സിനിമാ-സീരിയല്‍ രംഗത്തും റിയാലിറ്റി ഷോകളിലും സജീവമായ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇത്തരം വെബ്സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അതേസമയം പരാതി നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിനു പിന്നിലുള്ളവരെ തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. ടെലഗ്രാം കേന്ദ്രീകരിച്ചാണ് ബാലാതരങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം വ്യാപകമായി നടക്കുന്നത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച അനുശ്രീയെന്ന പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ സംഭവം ശ്രദ്ധയില്‍പ്പെട്ട യുവ സംവിധായകന്‍ റിയാസ് മുഹമ്മദ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
താരത്തിന്റെ മാതാപിതാക്കളുടെ കൂടി അനുമതിയോടെയാണ് റിയാസ് പരാതി നല്‍കിയത്. 2018ലും സമാനമായ പരാതി കോട്ടയം പോലീസിന് താരത്തിന്റെ മാതാപിതാക്കള്‍ കൈമാറിയിരുന്നു. നടപടിയൊന്നും ഉണ്ടായില്ല. ആദ്യം ചിത്രങ്ങള്‍ അയച്ചുനല്‍കുന്ന സംഘങ്ങള്‍ പിന്നീട് ഫോട്ടോകള്‍ക്ക് പണം ഈടാക്കുകയാണ് പതിവ്. ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.