തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂർത്തിയാക്കിയ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ യുവജന കമ്മിഷൻ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.
ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ൽ നിയമിതയായ ചിന്തയ്ക്ക് സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂർത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്.
പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽമേളകൾ, ജോബ് പോർട്ടൽ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത പറഞ്ഞു.