KeralaNews

ശരാശരി വേഗം 83 കിലോമീറ്റർ; അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡ് പോലും വന്ദേഭാരത് എക്‌സ്പ്രസിന്‌ കിട്ടുന്നില്ല,കേരളത്തിലെ അവസ്ഥ കൂടുതല്‍ ദയനീയം

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 83 കിലോമീറ്ററാണെന്നു റെയിൽവേ. ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

180 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാണ് വന്ദേഭാരത് ട്രെയിനുകൾ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഡൽഹി–വാരാണസി ട്രെയിനിന്റേതാണ് നിലവിൽ കൂടിയ വേഗം. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശപ്രവർത്തകൻ നൽകിയ ചോദ്യത്തിനാണു റെയിൽവേയുടെ മറുപടി.

2021–22 ൽ 84.48 കിലോമീറ്ററും 2022–23 ൽ 81.38 കിലോമീറ്ററുമായിരുന്നു വന്ദേഭാരതിന്റെ ശരാശരി വേഗം. കൂടിയ വേഗം ലഭിക്കാൻ ട്രാക്ക് നവീകരണം നടത്തുന്നുണ്ട്.

രാജധാനി, ശതാബ്ദി എക്സ്പ്രസുകളെക്കാൾ മികച്ചതാണ് വന്ദേഭാരതിന്റെ ശരാശരി വേഗമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. തുഗ്ലക്കാബാദ് – ആഗ്ര കന്റോൺമെന്റ് സെക്‌ഷനിൽ 160 കിലോമീറ്റർ സ്പീഡിൽ വരെ വന്ദേഭാരത് ഓടിക്കാനാവുന്നുണ്ട്.

വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വൈകാതെ വരുമെന്ന് റെയിൽവേ അധികൃതർ മറുപടിയിൽ വ്യക്തമാക്കി വന്ദേഭാരത് മെട്രോ ട്രെയിനുകൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റ് വിശദീകരണവേളയിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വന്ദേഭാരതിന്റെ പുതിയ മോഡൽ 200 കിലോമീറ്റർ വരെ സ്പീ‍ഡിൽ ഓടാവുന്ന വിധത്തിലാകും നിർമിക്കുന്നത്.

വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടത്തിൽ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തിയത് 7 മണിക്കൂർ 10 മിനിറ്റിൽ. കോട്ടയം വഴിയുള്ള ഏറ്റവും വേഗമേറിയ ട്രെയിനെക്കാൾ രണ്ടര മണിക്കൂർ കുറവ്.

തിരുവനന്തപുരം സെൻട്രലിൽനിന്നു പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നു കണ്ണൂരിലെത്തി. തിരികെ 2.10നു കണ്ണൂരിൽനിന്നു പുറപ്പെട്ട്  രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ 5 മണിയോടെ റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിൽ പ്ലാറ്റ്ഫോമിൽ പൂജ നടത്തി. 5.10 നു  യാത്ര തുടങ്ങി. 2 ലോക്കോ പൈലറ്റുമാരും മറ്റു ജീവനക്കാരും സാങ്കേതിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. 

വന്ദേഭാരത് എക്സ്പ്രസ് കടന്നു പോകുന്നതിനു പാലരുവി എക്സ്പ്രസ്, കേരള എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. 

വള്ളത്തോൾ നഗർ മുതൽ ഷൊർണൂർ ജംക്‌ഷൻ പിന്നിട്ട് കാരക്കാട് റെയിൽവേ സ്റ്റേഷൻ വരെ പരമാവധി മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടിയത്. ഇത്രയും വേഗത്തിലേ ഈ ഭാഗത്ത് പോകാനാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button