ബീജിംഗ്:ഒരുകാലത്ത് ജനസംഖ്യകൊണ്ട് പൊറുതിമുട്ടിയിരുന്ന ചൈന ഇപ്പോള്‍ ജനസംഖ്യ കൂട്ടാനുളള തത്രപ്പാടിലാണ്. അതിനായി കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, എന്നിവക്കു പുറമെ സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കാനാണ് പുതിയ തീരുമാനം. ജനസംഖ്യ വര്‍ധിപ്പിച്ച് തൊഴില്‍ശേഷി മെച്ചപ്പെടുത്തുന്നതിനുമായി രാജ്യത്തെ വനിതകള്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ലോകത്ത് ജനസംഖ്യയില്‍ ഒന്നാമതുള്ള രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ കടുത്ത നിയന്ത്രണങ്ങളാണ് ജനസംഖ്യവര്‍ധന തടയാന്‍ നേരത്തെ അവര്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഈ കര്‍ശന ജനസംഖ്യാ നിയന്ത്രണത്തെ തുടര്‍ന്ന് ജനസംഖ്യ കുറയുമെന്ന ഘട്ടമെത്തിയതോടെ രാജ്യം പുതിയ പ്രതിസന്ധിയിലാവുകയായിരുന്നു. അതിനാലാണ് തങ്ങളുടെ ജനസംഖ്യാ നയത്തില്‍ ചൈന കാര്യമായ മാറ്റം വരുത്തുന്നത്. രാജ്യത്തിന്റെ ജനസംഖ്യാ നയങ്ങളുടെ ഭാഗമായി ജനസംഖ്യ വര്‍ധന തടയാന്‍ ചൈനീസ് സര്‍ക്കാര്‍ ”ഒറ്റ കുട്ടി നയവും”, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വന്ധ്യംകരണവും മറ്റും നടപ്പിലാക്കിയിരുന്നു. ഇക്കാരണത്താല്‍ രാജ്യം ജനസംഖ്യാപരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഒന്നില്‍ കൂടുതല്‍, കൃത്യമായി പറഞ്ഞാല്‍ മൂന്ന് കുട്ടികള്‍ക്കെങ്കിലും ഒരു സ്ത്രീ ജന്മം നല്‍കണമെന്നാണ് നിലവില്‍ ചൈനീസ് ഭരണകൂടം ആവശ്യപ്പെടുന്നത്.
ഈ വര്‍ഷം ജനുവരിയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 2021 അവസാനത്തോടെ ചൈനയില്‍ 141 കോടി ജനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഇതേവര്‍ഷം നവജാതശിശുകളുടെ എണ്ണം 1.06 കോടിയായി കുറഞ്ഞു. ഇത് ചൈനയിലെ മരണനിരക്കിന് തുല്യമായി വരും. അതേസമയം കിഴക്കന്‍ ചൈനീസ് നഗരമായ വുഹുവില്‍ ജനനങ്ങളുടെ എണ്ണം വളരെ താഴ്ന്നനിലയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ മരണത്തേക്കാള്‍ കുറഞ്ഞ അളവില്‍ ജനനം സംഭവിക്കുന്നതോടെ രാജ്യത്തെ ജനസംഖ്യ കുറയുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.
ജനനനിരക്ക് ഗണ്യമായി കുറയുന്നത് തുടര്‍ന്നാല്‍ യുവജനങ്ങളുടെ എണ്ണം കുറയുകയും അത് വരും വര്‍ഷങ്ങളില്‍ ചൈനയിലെ തൊഴില്‍ ശക്തിയെ ചുരുക്കുമെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ ഈ ആനുകൂല്യങ്ങളെല്ലാം വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക എന്നതും ശ്രദ്ധേയമാണ്. ആര്‍ക്കൊക്കെ, എത്ര കുഞ്ഞുങ്ങള്‍ വരെ ആവാം എന്ന കാര്യങ്ങളിലൊക്കെ ബീജിംഗ് പ്രത്യേക നിര്‍ദേശങ്ങള്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട.് അതേസമയം അവിവാഹിതരായ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും കുടുംബാസൂത്രണ നയങ്ങളിലൂടെ ചൈന വിവേചനം കാണിക്കുന്നുവെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ചൈനയിലെ അവിവാഹിതരായ മാതാപിതാക്കള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാത്രമല്ല അവിവാഹിതരും ഗര്‍ഭിണികളുമായ സ്ത്രീകള്‍ക്ക് പൊതു ആരോഗ്യ പരിരക്ഷയും പ്രസവാവധി അടക്കമുളള കാര്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്്. ഗര്‍ഭിണിയായതിന്റെ പേരില്‍ തൊഴിലുടമകള്‍ അവരെ പിരിച്ചുവിട്ടാല്‍ അവര്‍ക്ക് നിയമപരമായി സംരക്ഷണം പോലും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ ചൈനീസ് വനിതകള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്വയം പര്യാപ്തരാണ്. അതുകൊണ്ടു തന്നെ വിവാഹം കുടുംബം കുഞ്ഞുങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ പുതുതലമുറയിലെ പല പെണ്‍കുട്ടികളും ബാധ്യതയായാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷമാണ് മൂന്നു മക്കള്‍ ദമ്പതികള്‍ക്ക് അനുവദിക്കുന്ന രീതിയില്‍ ജനസംഖ്യ-കുടുംബാസൂത്രണ നിയമം ചൈന പുതുക്കിയത്. എന്നാല്‍ ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ നിന്നും ചൈനീസ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയാണ്.