വാഷിംഗ്ടണ്‍: വിദേശ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും തങ്ങള്‍ക്കുള്ള ഭീഷണികളെ തിരിച്ചറിയാനും ചൈന വന്‍ തോതില്‍ ഡാറ്റാ ശേഖരണം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ചികഞ്ഞാണ് ചൈന വിവരശേഖരണം നടത്തുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. തങ്ങള്‍ക്കു ഭീഷണിയായ പാശ്ചാത്യ സാമൂഹിക മാധ്യമങ്ങളെയാണ് ചൈന കൂടുതലാണ് നിരീക്ഷിച്ചു വിവരശേഖരണം നടത്തുന്നത്.
വന്‍ തോതില്‍ വിവര ശേഖരണം നടത്താന്‍ കഴിയുന്ന സംവിധാനം കഴിഞ്ഞ ദശകത്തില്‍ത്തന്നെ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡാറ്റാ നിരീക്ഷണ സേവനങ്ങളുടെ രാജ്യവ്യാപക ശൃംഖല ചൈന പരിപാലിക്കുന്നുണ്ടെന്നും ഇന്റര്‍നെറ്റില്‍ രാഷ്ട്രീയമായി സെന്‍സിറ്റീവായ വിവരങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ ആഭ്യന്തരമായി ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഭ്യന്തര ഇന്റര്‍നെറ്റ് ഉപയോക്താക്കളെയും മാധ്യമങ്ങളെയും ലക്ഷ്യമിടുന്ന ചൈനീസ് സോഫ്റ്റ്വെയര്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റ് പാശ്ചാത്യ സോഷ്യല്‍ മീഡിയ തുടങ്ങിയ ഉറവിടങ്ങളില്‍നിന്നു വിദേശ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഡാറ്റയും ശേഖരിക്കുന്നു. സ്റ്റേറ്റ് മീഡിയ, പ്രചരണ വകുപ്പുകള്‍, പോലീസ്, മിലിട്ടറി, സൈബര്‍ റെഗുലേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ഏജന്‍സികള്‍ ഡാറ്റ ശേഖരിക്കുന്നതിനായി ആധുനിക സംവിധാനങ്ങള്‍ വാങ്ങുന്നുണ്ടെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
വിദേശ പത്രപ്രവര്‍ത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും ഡാറ്റാബേസ് സൃഷ്ടിക്കാന്‍ ചൈനീസ് സ്റ്റേറ്റ് മീഡിയ സോഫ്റ്റ്വെയര്‍ പ്രോഗ്രാം ട്വിറ്ററും ഫേസ്ബുക്കും ഖനനം ചെയ്യുന്നുണ്ട്.
ബെയ്ജിംഗ് പോലീസ് ഇന്റലിജന്‍സ് പ്രോഗ്രാം ഹോങ്കോംഗിലെയും തായ്വാനിലെയും പാശ്ചാത്യ ഉള്ളടക്കങ്ങള്‍ വിശകലനം ചെയ്യുന്നു. വിദേശത്തുള്ള ഉയ്ഗര്‍ ഭാഷാ ഉള്ളടക്കവും ഇതു പരിശോധിക്കുന്നു. ‘ഇപ്പോള്‍ ഞങ്ങള്‍ക്കു ചൈന വിരുദ്ധ ഉദ്യോഗസ്ഥരുടെ ശൃംഖല നന്നായി തിരിച്ചറിയാന്‍ കഴിയും,” ചൈനയുടെ സെന്‍ട്രല്‍ പ്രൊപ്പഗാന്ത ഡിപ്പാര്‍ട്ട്മെന്റിലേക്കു റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു യൂണിറ്റില്‍ ഉദ്യോഗസ്ഥനായ ബെയ്ജിംഗ് ആസ്ഥാനമായുള്ള ഒരു അനലിസ്റ്റ് പറഞ്ഞു.
വ്യക്തിഗത അക്കാദമിക്, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രൊഫൈലുകള്‍ ഉള്‍പ്പെടെ, ബെയ്ജിംഗിലെ മുതിര്‍ന്ന നേതൃത്വവുമായി ബന്ധപ്പെട്ട നെഗറ്റീവ് ഉള്ളടക്കം ട്വിറ്ററില്‍ എങ്ങനെ പ്രചരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഡാറ്റ റിപ്പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഇവരുടെ യൂണിറ്റിനെ ഒരിക്കല്‍ ചുമതലപ്പെടുത്തിയിരുന്നു.