ബീജിംഗ്: കുട്ടികള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ആസക്തി അവസാനിപ്പിക്കാന്‍ ചൈനയില്‍ പുതിയ നിയമം വരുന്നു. 18 വയസ്സിന് താഴെയുള്ളയുള്ള കുട്ടികളുടെ മൊബൈലുകളില്‍ രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണി ഇന്റര്‍നെറ്റ് ലഭ്യത ഒഴിവാക്കുന്ന നിയമമാണ് ചൈന കൊണ്ടുവരുന്നത്. പൊതുജനങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം നിയമം സെപ്തംബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും.
എട്ട് വയസും അതിനുതാഴെയുമുള്ളവര്‍ക്ക് ദിവസത്തില്‍ 40 മിനിട്ടും 16, 17 വയസ്സുള്ളവര്‍ക്ക് രണ്ടു മണിക്കൂര്‍ വരെയും മാത്രം ഇന്റര്‍നെറ്റ് അനുവദിക്കുന്ന സംവിധാനവും നിലവില്‍ വരും. എട്ടിനും 16 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഒരു മണിക്കൂറാണ് നെറ്റ് ലഭിക്കുക.
സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാ(സിഎസി)ണ് നിയമം കൊണ്ടുവരുന്നത്. കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കാനായി മൈനര്‍ മോഡ് പ്രോഗ്രാമുകള്‍ കൊണ്ടുവരാനായി സിഎസി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈല്‍ ഓണാക്കുന്നയുടന്‍ ഈ മോഡ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഹോം സ്‌ക്രീനില്‍ തന്നെ ഐക്കണായയോ സെറ്റിംഗ്സിലോ ഈ സംവിധാനം വേണമെന്നും നിര്‍ദേശിച്ചു.
ഈ മോഡ് ആക്ടീവ് ആക്കുന്നതോടെ കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കമാണ് ലഭിക്കുക. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പാട്ടുകളും ഓഡിയോ ഉള്ളടക്കവും നല്‍കണമെന്നാണ് സിഎസി പറയുന്നത്. 12 മുതല്‍ 16 വരെ പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസ -വാര്‍ത്താ ഉള്ളടക്കവും നല്‍കണം. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന വിഭവങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് സിഎസി മുന്നറിയിപ്പ് നല്‍കി.
ഇന്റര്‍നെറ്റിന് ചില സമയങ്ങളില്‍ വിലക്കുണ്ടെങ്കിലും വിദ്യാഭ്യാസ പരിപാടികള്‍ക്കും അത്യാവശ്യ സര്‍വീസ് അപ്ലിക്കേഷനുകള്‍ക്കും ഇളവുണ്ടാകും. മൈനര്‍ മോഡ് കൊണ്ടുവരുന്നത് കമ്പനികളുടെ ബാധ്യതയാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഐഫോണ്‍ ചൈനയിലേക്കായി പുതിയ ഫോണ്‍ നിര്‍മിക്കേണ്ടിവരും.
അതേസമയം, കുട്ടികളുടെ ഇന്റനെറ്റ് ഉപയോഗ സമയവും മൈനര്‍ മോഡ് സംവിധാനവും സിഎസി എങ്ങനെ പരിശോധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും പുതിയ നിയമനിര്‍മാണത്തെ ഐഫോണ്‍, ഷിഓമി തുടങ്ങിയ മൊബൈല്‍ നിര്‍മാതാക്കളും ടെന്‍സെന്റ്, ബൈദു തുടങ്ങിയ സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.