NationalNews

തെലുങ്ക് നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ: പൂച്ചെണ്ട് നൽകി സ്വീകരണം

ബെംഗളൂരു: പ്രശസ്ത തെലുങ്ക് നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ ബിജെപി ജനറൽ സെക്രട്ടറിയും തെലങ്കാന ചുമതലയുള്ള തരുൺ ചുഗും ചേർന്ന് ജയസുധക്ക് സ്വീകരണം നൽകി. തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് ജയസുധ പാർട്ടി അംഗത്വം ഏറ്റുവാങ്ങി.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ.അരുണയും ഒപ്പമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കിഷൻ റെഡ്ഢി ജയസുധയുമായി കൂടിക്കാഴ്ച നടത്തുകയും പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസുധ ബിജെപിയിൽ ചേർന്നത്. ജയസുധയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ എടാല രാജേന്ദറും ജയസുധയെ കണ്ട് പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്. ബിജെപിക്ക് മുന്നിൽ ചില വ്യവസ്ഥകൾ വെച്ച ജയസുധ ഇത് പാലിക്കുകയാണെങ്കിൽ പാർട്ടിയിൽ ചേരാമെന്നാണ് അറിയിച്ചിരുന്നത്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസുധക്ക് സീറ്റ് നൽകാമെന്ന് ബിജെപി ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്. ഒരിക്കൽ പ്രതിനിധീകരിച്ചിരുന്ന സെക്കന്തരാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കും അവർ മത്സരിക്കുക.

മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിൽ ജയസുധ വേഷമിട്ടിട്ടുണ്ട്. 1970 കളിലും 1980 കളിലും നിരവധി സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി 2009 ൽ കോൺഗ്രസ് നേതാവും അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖർ റെഡ്ഡിയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രീയത്തിൽ ചേർന്നത്.

2009-ൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, 2014-ലെ തിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് നിലനിർത്താനായില്ല.2016-ൽ അവർ കോൺഗ്രസ് വിട്ട് തെലുങ്കുദേശം പാർട്ടിയിൽ (ടിഡിപി) ചേർന്നിരുന്നുവെങ്കിലും വൈകാതെ തന്നെ രാജിവെച്ചു.

2019 ൽ, അവർ തന്റെ മകൻ നിഹാർ കപൂറിനൊപ്പം വൈഎസ് നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ജഗൻമോഹൻ റെഡ്ഡി അതേ വർഷം തന്നെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായത്. ആന്ധ്രാപ്രദേശുമായുള്ള അടുത്ത ബന്ധം ജയസുധ ഊന്നിപ്പറഞ്ഞിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker