ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ ഗർഭിണിയാക്കിയ 70 വയസ്സുകാരനു 30 വർഷം തടവ്

ഹരിപ്പാട്:ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ മൂന്നുവർഷം പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുംചെയ്ത കേസിൽ രണ്ടാനച്ഛനു 30 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷവിധിച്ചത്. ചെന്നിത്തല സ്വദേശിയായ 70 വയസ്സുകാരനാണു പ്രതി. അഞ്ചുവർഷം മുൻപ് മാന്നാർ പോലീസാണു കേസെടുത്തത്.

കുട്ടിക്ക് 11 വയസ്സുള്ളപ്പോഴാണു പീഡനം തുടങ്ങുന്നത്. 14 വയസ്സുള്ളപ്പോൾ കുട്ടി ഏഴുമാസം ഗർഭിണിയായപ്പോഴാണു പീഡനം പുറത്തറിയുന്നത്. സ്കൂളിലെ അധ്യാപകരാണു കുട്ടിയുടെ ശാരീരിക അവസ്ഥകണ്ട് ആശുപത്രിയിലാക്കുന്നത്. തുടർന്നാണു പ്രതിയെ പോലീസ് പിടികൂടുന്നത്. 2015 മുതൽ ഇയാൾ ജയിലിലാണ്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യംനിൽക്കാൻ ആരും തയ്യാറായില്ല. പ്രതിക്കു രണ്ട് ആൺമക്കളാണുള്ളത്. ആദ്യഭാര്യ ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഒരു മകളുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നത്.

ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ രണ്ടാംദിവസം അനാഥാലയത്തിലേക്കു മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News