33.4 C
Kottayam
Monday, May 6, 2024

കൊച്ചുത്രേസ്യ, നീതുമോൾ..; സിപ്‌സിക്ക് പലപേരുകൾ; സ്റ്റേഷനിൽ വിവസ്ത്രയാകാനും ശ്രമം

Must read

കൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ സിപ്‌സിയെ പിടികൂടിയ ശേഷം സംഭവിച്ചത് നാടകീയ രംഗങ്ങൾ. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്‌സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പൊലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. വനിതാ പൊലീസ് എത്തിയാണ് അടക്കിനിര്‍ത്തിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം സിപ്‌സിയെ കൊച്ചിയിലേക്ക് കൊണ്ടുവന്നു.

നിരവധി കേസുകളില്‍ പ്രതിയായ സിപ്സി മുൻപും പൊലീസുകാരുടെ പിടിയില്‍നിന്നു രക്ഷപ്പെടാനായി കുതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നു. വിവസ്ത്രയായി ഓടുക, പൊലീസ് സ്റ്റേഷനു മുകളില്‍ നിന്ന് ആത്മഹത്യാഭീഷണി മുഴക്കുക തുടങ്ങിയവയാണ് അവയിൽ ചിലത്. പിടികൂടാനെത്തിയ പൊലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

ഒട്ടേറെ മോഷണ, ലഹരിമരുന്നു കേസുകളിലെ പ്രതികളാണ് സിപ്സിയും അറസ്‌റ്റിലായ സിപ്‌സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസും. സിപ്സിക്കു പല വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നെന്ന് പൊലീസ് കരുതുന്നു. ഇതിലുള്ള വിരോധം മൂലമാണു സിപ്സിയുമായി അകന്നതെന്നാണു ജോൺ ബിനോയ് ഡിക്രൂസ് കൊടുത്ത മൊഴി. മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെ നീളുന്ന കേസുകളുടെ പട്ടികയാണ് സിപ്‌സിക്കെതിരെ ഉള്ളത്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയാണ് സിപ്‌സി. മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്.

സിപ്സി ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്‍റെ വൈരാഗ്യമാണ് പ്രതി ജോൺ ബിനോയ് ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രാഥമിക മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന. താൻ തനിച്ചാണു കൃത്യം നടത്തിയതെന്നും മറ്റാരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ജോൺ പൊലീസിനോടു പറഞ്ഞു.

സിപ്സിക്കെതിരെ പൊലീസിൽ നേരത്തെ തന്നെ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കള്ളപ്പേരുകളിലാണ് പല സ്ഥലങ്ങളിലും സിപ്സി അറിയപ്പെട്ടത്. ബിനോയിയുടെ വീട്ടിൽ കൊച്ചു ത്രേസ്യ എന്ന പേരാണ് സിപ്സി പറഞ്ഞിരുന്നത്. ചിലയിടങ്ങളിൽ തന്റെ പേര് നീതുമോൾ എന്ന പേരും പറഞ്ഞിരുന്നു. കേസില്‍ കുട്ടിയുടെ പിതാവിനെയും സിപ്‌സിയെയും പ്രതിയാക്കി ജുവനൈല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തു.

മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്‌സി പൊലീസിന് നല്‍കിയ മൊഴി. പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത സിപ്‌സിയെ ഉച്ചയോടെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

കു‍ഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം. ബാലനീതി നിയമപ്രകാരം സെക്ഷൻ 85 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നും അതു കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തത്. അറസ്റ്റിനു തലേന്ന് രാത്രി തമ്പാനൂരിലെ ലോഡ്‌ജിലാണ് സിപ്‌സി തങ്ങിയത്. ലോഡ്ജിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week