ചാലക്കുടി: തൃശ്ശൂരിലെ അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ 16-കാരന് വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹമെന്നാണ് വിവരം. ചാലക്കുടിയിലെ സ്കൂളില്‍ എട്ടാംക്ലാസില്‍ നിന്ന് വിജയിച്ച പെണ്‍കുട്ടിയാണ് വിവാഹിതയായത്. വിദ്യാര്‍ത്ഥിനി അടുത്ത അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സ്കൂളില്‍ വരാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശൈശവവിവാഹം പുറത്തു വന്നത്.
വാഴച്ചാലില്‍നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്. ട്രൈബല്‍ ഹോസ്റ്റലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. എട്ടാം ക്ലാസില്‍ നിന്ന് ഒമ്പതിലേക്ക് വിജയിച്ച പെണ്‍കുട്ടി അധ്യന വര്‍ഷം തുടങ്ങി ഇത്ര ദിവസമായിട്ടും ക്ലാസ്സില്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിക്കാന്‍ ഹോസ്റ്റല്‍ അധികൃതരും വൈകിപ്പോയി.